കൊല്ലം : മദ്യലഹരിയിൽ യുവാവ് എഎസ്ഐയെ മർദിച്ചതായുള്ള സംഭവം കെട്ടുകഥയാണെന്ന് കാണിച്ച് ബന്ധുക്കൾ ഇന്ന് മുഖ്യമന്ത്രി, മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകും.
മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയെന്ന് കാണിച്ച് ദീപുലാൽ എന്ന യുവാവിനെയും സുഹൃത്തിനേയും പൂയപ്പള്ളി പോലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിൽ വച്ച് ദീപുലാൽ എഎസ്ഐയെ ആക്രമിച്ചതായാണ് കേസ്. ബോധരഹിതനായി വീണ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ദീപുലാൽ റിമാൻഡിലാണ്.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ദിപുലാലിനെതിരെ കേസെടുത്തത്.
അതേസമയം സംഭവം കെട്ടിചമച്ചതാണെന്ന് ദീപുലാലിന്റെ സഹോദരൻ രാഷ്ട്രദീപികയോട് പറഞ്ഞു. കെഎസ് യു നേതാവായിരുന്ന ദീപുലാൽ നേരത്തെ കൊല്ലത്തെ ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയുംമറ്റ് ചില പോലീസുകാർക്കെതിരെയും സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു.
ഇതിലുള്ള വിരോധമാണ് തീർത്തതെന്ന് സഹോദരൻ പറഞ്ഞു. അന്നത്തെ പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തയാളാണ് പൂയപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ.
അയാൽ ഈ വിവരം പറഞ്ഞുകൊണ്ട് ദീപുലാലിനെ വണ്ടിയിൽ പിടിച്ചുകയറ്റുകയായിരുന്നുവെന്നും സഹോദരൻ പറയുന്നു. ദീപുലാലിന്റെ കൂടെപിടികൂടിയ സുഹൃത്ത് സ്റ്റേഷനിൽ നടന്ന സംഭവം മൊബൈൽഫോണിൽ ചിത്രീകരിച്ചിരുന്നു.
ഈ ഫോൺ മൂന്ന് ദിവസമായിട്ടും നൽകിയിട്ടില്ലെന്നും സഹോദരൻ പറഞ്ഞു.ദീപുലാലിനെ സ്റ്റേഷനിലെ എത്തിച്ചശേഷം സ്റ്റേഷനിലെ സിസി ടിവി ഓഫ് ചെയ്യുകയായിരുന്നുവെന്നും സംഭവത്തിനുശേഷം വീണ്ടും ഇത് പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നും അറിയാൻ കഴിഞ്ഞതായും സഹോദരൻ വ്യക്തമാക്കി.