പാറ്റ്ന: ഭാര്യയെ നൃത്തം ചെയ്യാൻ അനുവദിക്കാത്ത ഭർത്താവിനെ അമ്മായിയപ്പനും അളിയനും ചേർന്നു പൂട്ടിയിട്ടു തല്ലി. ബിഹാറിലെ മൊജാഹിദ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. റിട്ട. സൈനികനായ റോഷൻ രഞ്ജനാണ് തല്ലുകൊണ്ട ഭർത്താവ്.
ഒരു വിവാഹച്ചടങ്ങിനിടെ ഇയാളുടെ ഭാര്യ അപരിചിതനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായി ഭാര്യയോട് ഡാന്‍സ് നിർത്താൻ ആവശ്യപ്പെട്ടു. അശ്ലീലഗാനമാണ് ഡാൻസിനായി വച്ചതെന്നും പാട്ട് നിർത്തണമെന്നും ഇയാൾ പറഞ്ഞു.
ഭാര്യ കരഞ്ഞുകൊണ്ട് തന്റെ വീട്ടിൽ പോയി അച്ഛനോടും ആങ്ങളയോടും പരാതി പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും റോഷന്റെ വീട്ടിലെത്തി പൂട്ടിയിട്ടു മർദിച്ചുവെന്നാണു പരാതി.
തന്റെ മകൻ തടയാൻ ശ്രമിച്ചപ്പോൾ അവനെയും മർദിച്ചെന്നും പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി കാറിന്റെ കാറ്റഴിച്ചുവിട്ടെന്നും റോഷൻ പറയുന്നു.
അതേസമയം, സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നുമാണ് സിറ്റി എസ്പി പറഞ്ഞു.