ഭൂവനേശ്വർ: ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഭൂവനേശ്വറില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര ഗ്രാമവാസിയായ ഇയാൾ ഈ സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുത്തതായും ആരോപണമുണ്ട്.
1982ലാണ് ഇയാള്‍ ആദ്യം വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ മറ്റൊരാളെ കൂടി വിവാഹം ചെയ്തു. ഈ രണ്ട് ബന്ധങ്ങളിലായി ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്.
2002 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ഇയാള്‍ മറ്റ് സ്ത്രീകളെ വിവാഹം ചെയ്തത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ കൂടിയും മറ്റും പരിചയപ്പെടുന്ന സ്ത്രീകളെ മറ്റ് ഭാര്യമാര്‍ അറിയാതെയാണ് ഇയാൾ വിവാഹം ചെയ്തുവന്നത്.
ഡല്‍ഹിയിലെ ഒരു സ്കൂള്‍ അധ്യാപികയെ ആണ് ഇയാള്‍ അവസാനം വിവാഹം ചെയ്തത്. ഇവര്‍ക്കൊപ്പം ഭുവനേശ്വറില്‍ താമസിച്ചുവരികയായിരുന്നു പ്രതി. ഇയാളുടെ മറ്റ് ഭാര്യമാരെക്കുറിച്ച് സംശയം തോന്നിയ ഈ സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയത്.
വിവാഹമോചിതരായ മധ്യവയസ്കരായ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നതെന്നും വിവാഹം കഴിച്ച് കുറച്ചുനാൾ ഒന്നിച്ച് താമസിച്ചതിന് ശേഷം ഇവരുടെ പണവും സ്വർണവുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡോക്ടർ, അഭിഭാഷകൻ, ഫിസിഷ്യൻ തുടങ്ങി ഉയർന്ന ജോലിയുള്ളയാളാണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ സ്ത്രീകളോട് അടുക്കുന്നത്. സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ഡൽഹി, പഞ്ചാബ്, ആസം, ജാർഖണ്ഡ്, ഒഡീഷ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഇയാളുടെ ആദ്യ രണ്ട് ഭാര്യമാരും ഒഡീഷയിൽ നിന്നുള്ളവരാണ്. 11 എടിഎം കാർഡുകളും നാല് ആധാർ കാർഡുകളും മറ്റ് രേഖകളും പോലീസ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
ഹൈദരാബാദിലും എറണാകുളത്തും തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിനും ഇയാൾ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.