പത്തനംതിട്ട: യുവകര്ഷകന് മത്തായി ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടിക്രമം 157 പ്രകാരം വനപാലകരെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി പോലീസ് റിപ്പോര്‍ട്ട് ഇന്നു കോടതിയിലെത്തിയേക്കും.
നിലവില്‍ അസ്വാഭാവിക മരണത്തിനു മാത്രമായുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടികയിലേക്ക് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്താനാണ് പോലീസ് നടപടി.
നിലവില്‍ കേസന്വേഷിക്കുന്ന ഡിവൈഎസ്പി ആര്. പ്രദീപ് കുമാറാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കുന്നത്. അന്വേഷണം നടക്കുന്ന ഒരു കേസില്‍ ലഭ്യമാകുന്ന പുതിയ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്കിയാല് തുടര്‍ നടപടികളിലേക്ക് കടക്കുന്നതിനു പിന്നീടു തടസങ്ങളുണ്ടാകില്ല.
കേസില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ചു.സംസ്ഥാന മുഖ്യവനപാലകന്, പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോകലും നരഹത്യയും
ഐപിസി 364 (എ) വകുപ്പുപ്രകാരം മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകല്‍, 304 വകുപ്പു പ്രകാരമുള്ള നരഹത്യ എന്നീ കുറ്റങ്ങള്‍ വനപാലകര്ക്കുമേല് നിലനില്‍ക്കുമെന്ന് പോലീസിനു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയിരുന്നു.
ഇതോടൊപ്പം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജി ഇന്നു പരിഗണനയ്ക്കു വരുമ്പോള്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാനിടയുണ്ട്. ഇതിനു മുമ്പായി തങ്ങളുടെ അന്വേഷണം ശരിയായ ദിശയിലാണെന്നു ബോധ്യപ്പെടുത്തേണ്ട ചുമതലയും പോലീസിനുണ്ട്.
ഇക്കാരണങ്ങളാലാണ് ഇന്നലെ നടപടിക്രമങ്ങള്‍ക്കു വേഗം കൈവന്നത്. വനപാലകരെ പ്രതിചേര്‍ക്കാന്‍ പാടില്ലെന്ന ഉന്നതതലത്തിലെ പിടിവാശിയിലും അല്പം അയവുവന്നതിന്റെ സൂചനകള്‍ കണ്ടിരുന്നു. കഴിഞ്ഞ ജൂലൈ 28നു വൈകുന്നേരമാണ് കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുക്കുന്നത്.
അന്നു രാത്രി തന്നെ ഇദ്ദേഹത്തെ കുടുംബവീടിനു സമീപത്തെ കിണറ്റില്‍ മരിച്ചനിലയിലു കണ്ടെത്തി. മത്തായിയുടെ മൃതദേഹം സംസ്കരിക്കുക പോലും ചെയ്യാതെ ഭാര്യയും കുടുംബവും പോരാട്ടം തുടരുകയുമാണ്.
വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തതെന്നാണ് പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും ഉണ്ടായിരുന്നില്ല.
ഷീബയുടെ മൊഴി വിശ്വസനീയം
കസ്റ്റഡിയിലെടുത്തതായി പറയുന്ന മത്തായിയെ വിട്ടുകിട്ടാന്‍ വനപാലകസംഘത്തോടൊപ്പമുണ്ടായിരുന്നയാള് മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടിരുന്നു.
ഷീബ നല്കിയ ഈ മൊഴി വിശ്വസനീയമാണെന്നും ഇതു സംബന്ധിച്ച തെളിവുകള്‍ ലഭ്യമാണെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ എന്ന കുറ്റം കേസില്‍ ചുമത്താനാകുമോയെന്ന് അന്വേഷണസംഘം ആരാഞ്ഞിരുന്നു.
തെളിവുകളുടെ പിന്‍ബലത്തില്‍ സാധ്യമാകുമെന്നും മത്തായി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിനാല്‍ നരഹത്യാക്കുറ്റം ചുമത്താനാകുമെന്നും പോലീസിനു നിയമോപദേശം ലഭിച്ചതായി പറയുന്നു. എന്നാല്‍ കേസെടുക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് അന്വേഷണസംഘം പറയുന്നു.
മോചനദ്രവ്യം എന്ന പേരില്‍ 75,000 രൂപ വനപാലകര്ക്കെന്ന പേരില്‍ ആവശ്യപ്പെട്ട വ്യക്തിയുടെ സാമൂഹികപശ്ചാത്തലവും പോലീസ് പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥരോടൊപ്പം നടന്ന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന ഇയാള്‍ ഈ കേസില്‍ സ്വീകരിച്ച നിലപാടും സംശയാസ്പദമായിരുന്നു.
ഇയാളെക്കൂടി പ്രതി ചേര്‍ത്താകും പോലീസ് റിപ്പോര്‍ട്ടെന്നാണ് സൂചന. കേസില്‍ ഇന്നലെ ഫോറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ തെളിവെടുപ്പുകള്‍ നടന്നു. മത്തായി മരിച്ചു കിടന്ന കിണറിനു സമീപത്തായിരുന്നു തെളിവെടുപ്പ് നടന്നത്.
ഡമ്മി പരീക്ഷണവും നടത്തി. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം തെളിവെടുപ്പിനെത്തിയിരുന്നു.