പത്തനംതിട്ട: ഒരാഴ്ചത്തെ ഇടവേളയില്‍ നാട് വീണ്ടും പ്രളയഭീതിയില്‍. ഇന്നലെ രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുന്നതോടെ പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ കെടുതികള്‍ ആരംഭിച്ചു.
പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്ന് കോസ്വേകളില്‍ വെള്ളം കയറിയതോടെ മറുകരയിലുളളവര് ഒറ്റപ്പെട്ടു. രണ്ടായിരത്തോളം ആളുകളാണ് അരയഞ്ഞാലിമണ്‍ പ്രദേശത്തുള്ളത്.
പമ്പാനദിയുമായി ബന്ധപ്പെട്ട മറ്റ് കോസ് വേകളും മുങ്ങുന്ന സ്ഥിതിയാണ്. പെരുന്തേനരുവി സംഭരണി കവിഞ്ഞ് വെള്ളം ഒഴുകുകയാണ്.
കഴിഞ്ഞ 14നു പെയ്ത മഴയിലും കോസ്വേകളില്‍ വെള്ളം കയറിയിരുന്നു. പമ്പാനദിയില്‍ അതിവേഗമാണ് വെള്ളം ഉയരുന്നത്. നദി ഇരുകര മുട്ടിയാണ് ഒഴുകുന്നത്.
കഴിഞ്ഞയാഴ്ചയിലെ മഴയില്‍ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നതിനാല്‍ ഇത്തവണ വളരെ വേഗം വെള്ളം ഉയരുകയായിരുന്നു. വനമേഖലയില്‍ നിന്നു ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്നുണ്ട്. സംഭരണികളിലെ ജലനിരപ്പ് അപകടനിലയില്‍ എത്തിയിട്ടില്ല.
എന്നാല്‍ ചെറു സംഭരണികളായ മൂഴിയാറിലും മണിയാറിലും ഷട്ടറുകള്‍ തുറക്കേണ്ടിവരും. മൂഴിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലും തുറന്നിരുന്നു. മണിയാറിലെ ഷട്ടറുകള്‍ തുറന്നുവച്ചിരിക്കുകയാണ്. മൂഴിയാറില്‍ ഷട്ടറുകള്‍ തുറക്കുന്നതോടെ കക്കാട്ടാറ്റിലും ജലനിരപ്പുയരും.
അച്ചന്‍കോവില്‍, മണിമല നദികളിലും ജലനിരപ്പുയര്‍ന്നു തുടങ്ങി. മഴ വളരെ വേഗം ശക്തമായതോടെ മുന്‍കരുതല്‍ പലയിടങ്ങളിലുമുണ്ടായിട്ടില്ല. നദികളില്‍ ജലനിരപ്പുയരുന്നതിനെ ആശങ്കയോടെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ വീക്ഷിക്കുന്നത്.