തൃശൂർ : ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം കടപുഴകി വീണു. ജനറൽ ആശുപത്രിക്കു സമീപം കോളേജ് റോഡിലാണ് മരം വീണത്. മരത്തിനടിയിൽപ്പെട്ട് ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. ഇന്നു രാവിലെയാണ് അപകടം.
കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കളക്ടറേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗണിൽ വെസ്റ്റ് സ്റ്റേഷന്റെ മതിലും സമീപത്തെ കെട്ടിടവും തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും കഴിഞ്ഞദിവസം മരം വീണു ഗതാഗതം തടസപ്പെട്ടിരുന്നു. തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുകയാണ്.
എല്ലാ മുൻകരുതലുകളും കൈക്കൊള്ളാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണി എന്നിവനേരിടാനും നിർദേശം നൽകിയിട്ടുണ്ട്. മഴയിൽ വെള്ളക്കെട്ട് പല ഭാഗത്തും രൂക്ഷമാണ്.