സ്വന്തം ലേഖകൻ
തൃശൂർ: മഴ മാറിനിൽക്കുകയായിരുന്ന കാലവർഷം കലികൊണ്ട് വീണ്ടുമെത്തി. കാർമേഘങ്ങൾ മൂടിക്കെട്ടിയ പകൽ രാത്രിപോലെ ഇരുട്ടു നിറഞ്ഞതായി. കോരിച്ചൊരിയുന്ന മഴയിൽ നാടും നഗരവുമെല്ലാം വെള്ളത്തിനടിയിലായി.
തുള്ളിക്കൊരു കുടം എന്ന തോതിൽ ആർത്തലച്ചു പെയ്ത മഴയിൽ നഗരങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. പലയിടത്തും വാഹന ഗതാഗതം സ്തംഭിച്ചു.
വാഹനങ്ങൾ പലയിടത്തും നിർത്തിയിട്ടു. കാൽനടയായി പോകാൻപോലും കഴിയാത്തത്രയും കിടിലൻ മഴ. തൃശൂർ അടക്കമുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഭീതിജനകമായ വിധത്തിലാണു മഴ ആർത്തലച്ചു പെയ്തത്.
കനത്ത മഴമൂലം ഗ്രാമപ്രദേശങ്ങളിൽ പലയിടത്തായി മരക്കൊന്പുകൾ ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. വൈദ്യുതിയും തടസപ്പെട്ടു.
തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വളരെക്കുറച്ചു മൽസ്യത്തൊഴിലാളികൾ മാത്രമേ കടലിൽ പോയിട്ടുള്ളൂ.
തൃശൂർ നഗരത്തിൽ ചെട്ടിയങ്ങാടി ജംഗ്ഷനിൽ നിന്നും വെളിയന്നൂരിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തൃശൂർ റൗണ്ടിൽ രാവിലെ ഏഴുമണിയോടെ മരക്കൊന്പൊടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത് ഫയർഫോഴ്സെത്തി പരിഹരിച്ചു.