ചാത്തന്നൂർ: ആരോഗ്യ സർവകലാശാലയുടെ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടന്ന സംഭ വത്തിൽ പരീക്ഷാർഥികളായിരുന്ന മുന്ന് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു.
ആൾമാറാട്ടത്തിലും ക്രമക്കേടിലും കൂടുതൽ പ്രതികളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കണ്ണനല്ലൂർ പോലീസ് പറഞ്ഞു. ആൾമാറാട്ടം നടന്ന പരീക്ഷ കേന്ദ്രമായ മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യും.
മൂന്നാം വർഷ എം ബി ബിഎസ് പാർട്ട് (അഡീഷണൽ ) ബാച്ചിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ നബിൽ സാജിദ്, പ്രണവ് ജി മോഹൻ എഴുകോൺ സ്വദേശിയായ മിഥുൻ ജെംസിൻ എന്നി വിദ്യാർഥികൾക്കെതിരെ ആൾമാറാട്ടത്തിനും വ്യാജ രേഖ ചമയ്ക്കലിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത് .
ഇവരെ ആരോഗ്യ സർവകലാശാല പരീക്ഷ എഴുതുന്നതിൽ നിന്ന് രണ്ടര വർഷത്തേയ്ക്ക് ഡീ ബാർ ചെയ്തിട്ടുണ്ട്.ക്രമക്കേട് നടന്ന പരീക്ഷ എഴുതിയ 56 വിദ്യാർഥികളെയും വിളിപ്പിച്ച് മൊഴി എടുക്കും. ഇന്നലെ കോളജിലെത്തിയ അന്വേഷണ സംഘം രേഖകൾ പരിശോധിച്ചു.
കോളജിലെ സിസിടിവി ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയ്ക്കും. ആൾമാറാട്ടം നടത്തിയതിന് മെഡിക്കൽ കോളജിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം .പരീക്ഷ ചീഫ് സൂ പ്രണ്ടും കോളജിലെ അനാട്ടമി വിഭാഗം മേധാവിയുമായ ഡോ.കെ.ജി.പ്രകാശ്, ഇൻവിജിലേറ്റർമാരായ കെ.സാനിയ എസ് .സരിത, ശ്രീവിദ്യ എന്നി വരെയും ഇവർക്ക് പുറമേ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാർ, പ്രസന്ന എന്നിവരെയും ചോദ്യം ചെയ്യും.