കൊച്ചി: മാസ്ക് ഉപേക്ഷിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ഐഎംഎ. നിലവിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് ഒരു തരംഗത്തിന്റെ അവസാനമായതിനാലാണ്.
ഇനിയും തരംഗങ്ങളുണ്ടായേക്കാം. ഇപ്പോള്‍തന്നെ വരുമെന്ന് പറയുന്ന എക്സ് ഇ വേരിയന്റിന്റെ തീവ്രതയെക്കുറിച്ചു വ്യക്തതയില്ല.
അതുകൊണ്ടുതന്നെ ആള്ക്കൂട്ടംപോലും ഒഴിവാക്കേണ്ടതാണെന്നും മാസ്ക് അടക്കമുള്ള സുരക്ഷാകവചങ്ങള്‍ ഉപേക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശിയും സെക്രട്ടറി ഡോ. ജോസഫ് ബെനവെനും വൈസ്പ്രസിഡന്റ് ഡോ. ഗോപികുമാറും വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍ സംരക്ഷണം നല്കുന്നതില് സര്‍ക്കാര്‍ പരാജയമാണ്. ആശുപത്രികള്‍ക്കും ഡോക്ടര്മാര്ക്കുംനേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ലെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകള്‍ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണം.
യുക്രെയ്നില്‍നിന്നു വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ ഉടന്‍തന്നെ നമ്മുടെ സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നു ചോദ്യത്തിനു മറുപടിയായി ഡോ. സാമുവല്‍ കോശി പറഞ്ഞു.
മടങ്ങിച്ചെല്ലാനുള്ള സാധ്യത ഇല്ലാതെ വരുമ്പോള്‍ ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ഐഎംഎയുടെ അഭിപ്രായം.