വൈപ്പിൻ: സ്വന്തം വാർഡിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ നികത്താൻ മണ്‍വെട്ടിയും കൈക്കോട്ടുമായി ഞാറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ മിനി രാജു നിരത്തിലിറങ്ങി.
നികത്താനുള്ള കല്ലും മണ്ണും എത്തിച്ചതാകട്ടെ തനിക്ക് ലഭിക്കുന്ന ഓണറേറിയത്തിൽ നിന്ന് നീക്കിവെച്ച ഓഹരി കൊണ്ടാണെന്നതും ശ്രദ്ധേയമാണ്.
സ്വന്തം വാർഡായ പതിനാറിൽ മുൻകാലങ്ങളിൽ സമയാസമയങ്ങളിൽ ടാറിംഗ് നടക്കാതിരുന്നതിനാൽ റോഡുകൾ പലതും ശോച്യാവസ്ഥയിലാണ്.
ഇപ്പോൾ എംഎൽഎ ഫണ്ട് ഉൾപ്പടെ 60 ലക്ഷം രൂപ വിവിധ റോഡുകൾക്കായി അനുവദിച്ചിട്ടുണ്ട്.എന്നാൽ മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളക്കെട്ടായതോടെയാണ് കുഴി നികത്തി നാട്ടുകാർക്ക് താത്കാലിക ആശ്വാസം പകരാൻ മെന്പർ തന്നെ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങിയത്.
മെന്പറുടെ പുറപ്പാട് കണ്ടതോടെ കുഴികൾ നികത്താൻ നാട്ടുകാരും കൂടെ ചേർന്നു.