സ്നേഹം ഭാവിച്ചു നൽകുന്ന ചായയിൽ കൊടും വിഷം ഉണ്ടെന്നറിയാതെയാണ് അവരൊക്കെ മരണം പുൽകിയത്
നല്ല ഭാര്യ അല്ല, നല്ല അമ്മയല്ല, നല്ല കാമുകി അല്ല, നല്ല മകളുമല്ല… മേരി ആൻ കോട്ടൺ എന്ന സ്ത്രീയുടെ സ്വഭാവത്തെ ഏതാനും വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം അവളുടെ ചെയ്തികൾ അത്രത്തോളം ക്രൂരമായിരുന്നു.
നാലു ഭർത്താക്കൻമാരിൽ മൂന്നുപേരെ കൊലപ്പെടുത്തി. തന്റെ 13 മക്കളിൽ 10 പേരെയും കൊലപ്പെടുത്തി. അതുകൊണ്ടും അവസാനിച്ചില്ല, കാമുകനെയും സ്വന്തം അമ്മയെയും വകവരുത്തി. എല്ലാത്തിനും പ്രേരണ ഒന്നു മാത്രം, പണത്തിനോടും സന്പത്തിനോടുമുള്ള ആർത്തി.
1832 ഒക്ടോബർ 31ന് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഡർഹാമിലാണ് കോട്ടൺ ജനിച്ചത്. കോട്ടന്റെ പിതാവ് ഖനിത്തൊഴിലാളിയായിരുന്നു.കോട്ടണിന് ഒൻപതു വയസുള്ളപ്പോൾ ഖനിയിലെ വലിയൊരു അപകടത്തിൽ പിതാവ് മരിച്ചു. കഠിനാധ്വാനികളായ, തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചുമാണ് കോട്ടൺ വളർന്നത്.
പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ സ്വയം വളർന്നു കയറാൻ അവൾ കഠിനമായി പരിശ്രമിച്ചു, പക്ഷേ, അവളുടെ ദുഷ്പ്രവൃത്തികളാണ് ആ പേരിനെ ലോകം മുഴുവൻ കുപ്രസിദ്ധമാക്കിയത്.
ചായയിൽ ചേർത്തത്
മൂന്നു ഭർത്താക്കന്മാരെയും പത്തു മക്കളെയും കാമുകനെയും സ്വന്തം അമ്മയെയും വിഷം നൽകിയാണ് ഇവർ വകവരുത്തിയത്. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു ഈ കൊടുംപാതകങ്ങൾ.പണത്തിനോടും സന്പത്തിനോടുമുള്ള ആർത്തി മാനസിക രോഗമായി മാറിക്കഴിഞ്ഞാൽ മനുഷ്യൻ എത്രത്തോളം ക്രൂരതയും ചെയ്തു കൂട്ടും എന്നതിന്റെ തെളിവാണ് ഈ സ്ത്രീയുടെ ജീവിതം.
ഒറ്റ ദിവസംകൊണ്ടല്ല ഇത്രയും പേരെ കൊലപ്പെടുത്തിയത്. ഏതാണ്ട് 20 വർഷത്തോളം തന്ത്രങ്ങളൊരുക്കിയും അവസരം കാത്തിരുന്നുമാണ് ഒരോ കൊലപാതകവും നടത്തിയത്. ഒാരോ കൊലപാതകവും അതിസമർഥമായി ഒളിപ്പിച്ചുവയ്ക്കാനും അവൾക്കു കഴിഞ്ഞിരുന്നു.
എന്നാൽ, ഒരിക്കൽ സത്യം മറനീക്കുമെന്ന യാഥാർഥ്യം ഇവളുടെ ജീവിതത്തിലും സംഭവിച്ചു. അങ്ങനെ മേരി ആൻ കോട്ടൺ എന്ന മനുഷ്യ രൂപം പൂണ്ട രാക്ഷസിയുടെ നിയമത്തിന്റെ പിടിയിൽപ്പെട്ടു.ആർസെനിക് എന്ന പേരിലുള്ള കൊടും വിഷമായിരുന്നു ഇരകളെ കൊല്ലാനായി അവൾ തെരഞ്ഞെടുത്തിരുന്നത്.
ചായയിൽ വിഷം നൽകിയാണ് അവൾ ഇരകളെ കൊലപ്പെടുത്തിയിരുന്നത്. സ്നേഹം ഭാവിച്ചു നൽകുന്ന ചായയിൽ കൊടും വിഷം ഉണ്ടെന്നറിയാതെയാണ് അവരൊക്കെ മരണം പുൽകിയത്.
വധശിക്ഷ
ഈ ക്രൂര കൃത്യങ്ങൾ 1873ൽ അവൾക്കു വധശിക്ഷ സമ്മാനിച്ചു. കോട്ടണിന്റെ ആദ്യ ഭർത്താവ് മരിച്ചതു കുടൽ തകരാറു മൂലമായിരുന്നു, രണ്ടാമത്തെ ഭർത്താവും മരിച്ചത് അങ്ങനെതന്നെ. മൂന്നാമത്തെ ഭർത്താവും മരിച്ചത് അതേ കാരണത്താൽ.
ഒരു ഭർത്താവ് മാത്രം ഭാഗ്യംകൊണ്ട് ഇവളുടെ കൈയിൽനിന്നു രക്ഷപ്പെട്ടു.
ഇതിനിടെ, അവൾക്കൊരു കാമുകനും ഉണ്ടായിരുന്നു. കാമുകനെയും വശത്താക്കിയ ശേഷം തട്ടിക്കളഞ്ഞു.തീർന്നില്ല, കോട്ടണിന്റെ മക്കളിൽ മിക്കവരുംതന്നെ മരിച്ചത് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. കൃത്യമായ ഇടവേളകളിൽ സംഭവിച്ചുകൊണ്ടിരുന്ന മരണങ്ങളെക്കുറിച്ചു പിന്നീടെപ്പോഴോ സംശയങ്ങൾ ഉയർന്നു.
അതോടെ പോലീസ് അന്വേഷണം തുടങ്ങി. എല്ലാ മരണങ്ങൾക്കു പിന്നിലും ആർസെനിക് എന്ന വിഷത്തിന്റെ സാന്നിധ്യം പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കോട്ടണിലേക്ക് എല്ലാ തെളിവുകളും എത്തി.ഇരകളുടെ ഇൻഷ്വറൻസ് അവകാശം നേടിയ ശേഷം പതിയെ ഒഴിവാക്കുകയായിരുന്നു കോട്ടണിന്റെ ശൈലി. ഇൻഷ്വറൻസ് തട്ടിപ്പിന്റെ ചോരമണക്കുന്ന അധ്യായം കൂടിയായിരുന്നു മേരി ആൻ കോട്ടണിന്റെ ജീവിതം.