ബലോണ്‍ ദോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം- അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഈ നേട്ടം ഇനി മെസിക്കു മാത്രം അവകാശപ്പെട്ടതാണ്.
ഖത്തറിൽ അർജന്റീനയെ ലോകകപ്പ് ജേതാക്കളാക്കിയ പ്രകടനമാണ് പാരീസിലെ നേട്ടത്തിൽ മെസിക്കു തുണയായത്. ടൂർണമെന്റിൽ ഏഴു ഗോളടിച്ചു മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ മെസി, സീസണിലാകെ 41 ഗോളും 26 അസിസ്റ്റും പോരിലെഴുതി.
30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നതു മെസിക്കും ഹാളണ്ടിനുമാണ്. എന്നാൽ വിശ്വകിരീടത്തിന്റെ കരുത്തിൽ ഹാളണ്ടിനെ പിന്തള്ളാൻ മെസിക്കു കഴിഞ്ഞു.
2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു മെസിയുടെ മുൻ ബലോണ്‍ ദോര്‍ പുരസ്കാരനേട്ടങ്ങൾ. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസിയെത്തി. ബലോണ്‍ ദോര്‍ പുരസ്കാരം നേടിയ ഏക അർജന്റൈൻ താരം കൂടിയാണു മെസി.
അർജന്റീനയിൽ ജനിച്ച റയൽ മാഡ്രിഡ് ഇതിഹാസം ആൽഫ്രഡോ ഡി സ്റ്റെഫാനോ പുരസ്കാരം രണ്ടു തവണ (1957, 1959) നേടിയിട്ടുണ്ടെങ്കിലും അദ്ദേഹം സ്പാനിഷ് പൗരത്വം സ്വീകരിച്ച് അർജന്റീന വിട്ടിരുന്നു. അർജന്റീനയ്ക്കായി ആറു മത്സരങ്ങൾക്ക് ഇറങ്ങിയെങ്കിലും സ്റ്റെഫാനോയ്ക്കു വിലക്കുണ്ടായി. ഇതേത്തുടർന്നാണ് സ്പാനിഷ് പൗരത്വം സ്വീകരിച്ച് താരം അവിടെ തുടർന്നത്.
പിഎസ്ജിക്കൊപ്പം 2022-23 സീസണിൽ ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയ മെസി, ഈ വർഷം അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പം ലീഗ്സ് കപ്പും സ്വന്തമാക്കി. കഴിഞ്ഞവർഷം ഫിഫ ദി ബെസ്റ്റ് പുരസ്കാരവും ഈ 36-കാരനായിരുന്നു.
2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോടേറ്റ പരാജയത്തിനുപിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച മെസി, പിന്നീട് ടീമിലേക്കു തിരിച്ചെത്തിയാണു വിശ്വകിരീടം സ്വന്തമാക്കിയത്.
യൂറോപ്പിലെ പ്രമുഖ ലീഗുകളിൽനിന്നു പിന്മാറി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കു ചേക്കേറിയ മെസി ഒരിക്കൽക്കൂടി ബലോണ്‍ ദോര്‍ പുരസ്കാരവേദിയിലെത്തുമോ? അറിയില്ല. കാലം പറയട്ടെ അതിനുത്തരം.