ഉപ്പുതറ: മഹാരാഷ്ട്രയിൽ ജോലിക്കുപോയ 25 മലയാളി യുവാക്കൾ മൂന്നുദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു. ഗ്ലയ്സ് ട്രേഡിംഗ് എന്ന മൾട്ടി ലെവൽ മാർക്കറ്റിംഗ് കന്പനിയിൽ രണ്ടുമാസം മുൻപ് ജോലിക്കുപോയ ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള 25 യുവാക്കളാണ് കന്പനി കൈയൊഴിഞ്ഞതോടെ അക്കൊള എന്ന സ്ഥലത്തെ ടെറസിനു മുകളിൽ കുടുങ്ങിക്കിടക്കുന്നത്.
കൊറോണ ഭീതിയിൽ ഒരാഴ്ച മുൻപ് കന്പനി ഇവർക്കു തൊഴിൽ നിഷേധിച്ചു. ഭക്ഷണവും താമസസൗകര്യവും ആവശ്യപ്പെട്ടപ്പോൾ കന്പനി കൈമലർത്തി. പണംനൽകിയാൽ ഭൗതിക സൗകര്യം ഏർപ്പെടുത്താമെന്നാണ് അധികൃതർ നൽകിയ മറുപടി.
ഒരാഴ്ച മുൻപുവരെ ചെലവിനുള്ള അലവൻസ് മാത്രമാണ് ഇവർക്കു കിട്ടിയത്. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ ആരോഗ്യ പ്രശ്നവും അസ്വസ്ഥതയുമുണ്ടായ ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാൻപോലും കന്പനി തയാറായില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിച്ചില്ലെങ്കിൽ മരിക്കേണ്ടിവരുമെന്ന് ഇവർ നാട്ടിലറിയിച്ചു.
ഗാൽവ എന്ന ബ്രാൻഡിൽ നിർമിക്കുന്ന ഫേയർനസ് ഉത്പന്നങ്ങളാണ് കന്പനി നിർമിക്കുന്നത്. കന്പനിയിൽ ജോലിചെയ്തിരുന്ന തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള 170-ഓളം പേരും ഇവരെപ്പോലെ മഹാരാഷ്ട്രയിൽ കുടുങ്ങിയിട്ടുണ്ട്.
ദുരിതാവസ്ഥ വിവരിച്ച് ചിത്രങ്ങളോടൊപ്പം ഇവർ വാട്സാപ്പിൽ നൽകിയ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി പീരുമേട് നിയോജക മണ്ഡലം ജനറൽ സെക്രട്ടി വി.വി. വിനോദ് കുമാർ ഇവർക്കുവേണ്ട അടിയന്തര സഹായം അഭ്യർഥിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി വി. മുരളീധരൻ എന്നിവർക്ക് മെയിലിൽ നിവേദനംനൽകി.