ഹരിപ്പാട്: വീട് മിനി ബാറാക്കി അനധികൃതമായി മദ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ആളിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുതുകുളം തെക്കുമുറിയിൽ വിശ്വഭവനത്തിൽ ഓമനക്കുട്ട(51)നാണ് അറസ്റ്റിലായത്.
ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയപരിശോധനയിലാണ് അടുക്കളയിലെ രഹസ്യ അറയിൽനിന്ന് 14 ലിറ്റർ വിദേശമദ്യം പിടികൂടിയത്.
ഒരുലിറ്ററിന്റെ 14 കുപ്പി ജവാനാണ് പിടിച്ചെടുത്തത്. എക്സൈസ് സംഘം പലപ്പോഴും ഇവിടെ പരിശോധന നടത്തിയെങ്കിലും വീടിനുള്ളിലെ രഹസ്യ അറയിൽ മദ്യം സൂക്ഷിക്കുന്നതിനാൽ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്നലെ എക്സൈസ് സംഘം എത്തുമ്പോൾ ഇവിടെ മദ്യവില്പന നടക്കുകയായിരുന്നു.ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായിഇയാൾ പല ഭാഗത്തും ആൾക്കാരെ നിർത്തിയിരുന്നതിനാൽ വീടും പരിസരവും ഒരു മാസമായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. ഇയാൾ മുൻ അബ്കാരി കേസുകളിൽ പ്രതിയാണ്.
റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എസ്.അക്ബർ, എം.ആർ. സുരേഷ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം അബ്ദുൽഷുക്കൂർ, സിവിൽഎക്സൈസ് ഓഫീസർ യു. ഷാജഹാൻ, ഡ്രൈവർ വർഗീസ് എന്നിവർ പങ്കെടുത്തു.