തലശേരി: കൈയേറ്റത്തിന്റെ പേരിൽ ഫർണിച്ചർ നിർമാണ കമ്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരിൽ കണ്ടെത്തി.
സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരേയാണ് കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ പാനൂർ എസ്ഐ ലതീഷ്, അഡീഷണൽ എസ്ഐ മനോഹരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്.
ഇവരെ ഇന്നു രാവിലെ 10.30 തോടെ തലശേരിയിലെത്തിച്ചു. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.തലശേരി എരഞ്ഞോളി വ്യവസായ പാർക്കിലാണ് ദമ്പതികൾ ഫർണിച്ചർ കമ്പനി നടത്തിയിരുന്നത്.
“അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല… ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട..
ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന തലക്കെട്ടോടെ ന മാധ്യമങ്ങളിൽ പോസ്റ്റിട്ട് ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾ നാടുവിട്ടത് ഏറെ വിവാദമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്.സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ദമ്പതികൾ പാലക്കാട് വഴി കടന്നു പോയതായുള്ള സൂചനകൾ ലഭിച്ചിരുന്നു. പിന്തുടർന്ന പോലീസ് സംഘം കോയമ്പത്തൂരിൽ ഇവരെ കണ്ടെത്തുകയായിരുന്നു.
ദന്പതികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: ജമുന റാണി
ദമ്പതികൾ നാടുവിട്ടത് സംബന്ധിച്ച് നഗരസഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് തലശേരി നഗരസഭാ ചെയർപേഴ്സൺ ജമുന റാണി രാഷ്ട്രദീപികയോട് പറഞ്ഞു.
നഗരസഭ നടത്തിയ പരിശോധനയിൽ സ്ഥലം കൈയേറിയതായി കണ്ടെത്തുകയും പിഴ നിശ്ചയിച്ച് കൈയേറ്റം ക്രമപ്പെടുത്തി കൊടുക്കുകയുമാണ് നഗരസഭ ചെയ്തത്.
2021 ൽ നടത്തിയ പരിശോധനയിലാണ് കൈയേറ്റം കണ്ടെത്തിയത്. പിഴ നിശ്ചയിച്ചെങ്കിലും ഗഡുക്കളാക്കണമെന്ന അപേക്ഷ പോലും ബന്ധപ്പെട്ടവർ നഗരസഭക്ക് നൽകിയിരുന്നില്ല. ഒരു വർഷം നീണ്ട നടപടികളാണ് ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ 19 നാണ് ഫാക്ടറി ഉടമക്ക് അനുകൂലമായ കോടതി വിധി ഉണ്ടായത്. 20 ന് നഗരസഭാ സെക്രട്ടറി കോവളത്ത് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.
21 ഞായറാഴ്ച യായിരുന്നു. 22 ന് ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിയമപരമായ നടപടികൾ മാത്രമാണ് നഗരസഭ സ്വീകരിച്ചിട്ടുള്ളൂവെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
നാടുവിട്ടത് മനം നൊന്ത്, തലശേരി നഗരസഭയുടെ നടപടി ക്രൂരമെന്ന് ദന്പതികൾ
തലശേരി: നഗരസഭയുടെ നടപടിയിൽ മനംനൊന്താണ് നാടുവിട്ടതെന്ന് വ്യവസായി രാജ്കബീർ. ഇന്ന് രാവിലെ തലശേരിയിൽ തിരിച്ചെത്തിയ ശേഷം റെയിൽവേ സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കും കുടുംബത്തിനും തലശേരി നഗരസഭ അധികൃതരുടെ ഭീഷണിയുണ്ടായിരുന്നു. ഇത് ഭയന്നാണ് നാടുവിട്ടത്. നഗരസഭയുടേത് പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ അധികൃതർ തന്നോടും സ്ഥാപനത്തോടും ക്രൂരമായ രീതിയിലാണ് പെരുമാറിയത്. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തന്റെ സ്ഥാപനം പൂട്ടിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ വ്യവസായ മന്ത്രി പി. രാജീവ് മാത്രമാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.