പത്തനംതിട്ട: തിരുവല്ലയിലും പത്തനംതിട്ടയിലുമായി ഇന്നലെ കാണാതായ നാല് പെണ്‍കുട്ടികളില്‍ മൂന്നുപേരെ കണ്ടെത്തി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.
പത്തനംതിട്ട നഗരത്തിലെ രണ്ട് സ്കൂളുകളില്‍നിന്നും തിരുവല്ല ഓതറയിലെ സ്കൂളില്‍നിന്നുമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്.
ഓതറ സ്കൂളിലെ കുട്ടികളെ ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലും പത്തനംതിട്ടയില്‍നിന്നു കാണാതായ രണ്ട് കുട്ടികളില്‍ ഒരാളെ പാലക്കാട് റെയില്‍വേ സ്റ്റേഷനിലുമാണ് കണ്ടെത്തിയത്.
കുട്ടികള്‍ സ്കൂള്‍ യൂണിഫോമിലായിരുന്നതിനാലും പോലീസ് അന്വേഷണം ഊര്ജിതമായിരുന്നതിനാലും അതിവഗം കണ്ടെത്താന്‍ സഹായമായി.
ഓതറ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളെയാണ് കാണാതായത്. കുട്ടികളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ വൈകിട്ട് അന്വേഷണം ആരംഭിച്ച പോലീസിനു കുട്ടികള്‍ ആലപ്പുഴ ഭാഗത്തേക്കു പോയതായി വിവരം ലഭിച്ചിരുന്നു.
ചങ്ങനാശേരിയില്‍ കുട്ടികളെ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നാടുവിടാനള്ള ലക്ഷ്യവുമായി കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രാത്രിയില്‍ തിരുവല്ലയിലെത്തിച്ചു.
പത്തനംതിട്ടയില്‍നിന്നു കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ പാലക്കാട്ട് ഇന്നു പുലര്‍ച്ചെയാണ് കണ്ടെത്തിയത്. കുട്ടികള്‍ നാലുപേരും വ്യത്യസ്ത സാഹചര്യത്തിലാണ് കാണാതായിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഒരേദിവസം കാണാതായതില്‍ ദുരൂഹതയുണ്ട്.ഇന്നലെ രാവിലെ വയലത്തലയില്നിന്ന് രണ്ട് ആണ്‍കുട്ടികളെ കാണാതായതായ പരാതിയും പോലീസിനു ലഭിച്ചിരുന്നു.
ഇവരെ വൈകിട്ട് കോന്നിയില്‍ കണ്ടെത്തി. കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.