കോട്ടയം: ജില്ലയുടെ 47-ാതു കളക്ടറും വനിത തന്നെ. പുതിയ കളക്്ടറായി ഡോ. പി.കെ. ജയശ്രീ ബുധനാഴ്ച ചാർജെടുക്കും.
ദീർഘദർശിയായ പ്രവർത്തനങ്ങളിലൂടെ ജില്ലയ്ക്കു മികച്ച നേട്ടങ്ങളൊരുക്കി ഒരു വർഷത്തെ സേവനത്തിനുശേഷം ജില്ലാ കളക്ടർ എം. അഞ്ജന ബുധനാഴ്ച ചുമതലയൊഴിയും.
പഞ്ചായത്ത് വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേയാണു ജയശ്രീക്കു കോട്ടയത്തേക്കുള്ള നിയോഗം. 1987ൽ കൃഷി വകുപ്പിൽ ഓഫീസറായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു.
2007ലാണു വകുപ്പു മാറി റവന്യു വകുപ്പിൽ ഡെപ്യൂട്ടി കളക്ടറായി കാസർഗോഡ് ചുമതലയേറ്റത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2012ൽ തൃശൂരിൽ ഡെപ്യൂട്ടി കളക്ടറായി ചാർജെടുത്തു. ഇക്കാലത്തു ഏറെക്കാലം തൃശൂർ ജില്ലാ കളക്ടറുടെ ചുമതലയും വഹിച്ചു. ഗുരുവായൂർ, കുടൽ മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.
കാസർഗോഡ് പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി.വി. രവീന്ദ്രനാണ് ഭർത്താവ്. ഡോ. ആരതി, അപർണ എന്നിവരാണു മക്കൾ.
വൈക്കം ഉദയനാപുരം ഇരുന്പുഴിക്കരയിലെ പുഴക്കര തറവാടാണ് കളക്ടറുടെ അമ്മവീട്. പിതാവ് രവിയും മാതാവ് രാധാമണിയും ഒൗദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നതിനാൽ ഡോ. ജയശ്രീ പഠിച്ചതും വളർന്നതുമൊക്കെ തൃശൂരിലാണ്.
അമ്മ രാധാമണിയുമായി അടുത്ത ബന്ധമുള്ളവരൊക്കെ ഇരുന്പുഴിക്കരയിലും വൈക്കം ടൗണിലുമൊക്കെ താമസിക്കുന്നതിനാൽ ഡോ. കെ. ജയശ്രീക്കു ഇതു അമ്മ വീട്ടിലേക്കുള്ള മടങ്ങിവരവു കൂടിയാണ്.
ജില്ലയ്ക്കു നിരവധി നേട്ടങ്ങൾ സമ്മാനിച്ചാണ് അഞ്ജന കളക്്ടർ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്.
ഏറെ പ്രതിസന്ധികൾക്കിടയിൽ നടന്ന തദ്ദേശ സ്ഥാപന, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ നടപടികൾ ഏകോപിപ്പിക്കുന്നതിലും കോവിഡ് പ്രതിരോധം തീർത്തു ചികിത്സയ്ക്കും പരിചരണത്തിനും വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കിയും രണ്ടാം തരംഗത്തിലും രോഗത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും പ്രശംസാവഹമായ ഇടപെടലുകളായിരുന്നു കളക്ടറിന്റേത്.
കോവിഡ് പ്രതിരോധം, ചികിത്സ, ബോധവത്കരണം എന്നിവയിൽ വേറിട്ട മാതൃക തന്നെ ജില്ലയിൽ നടപ്പിലാക്കി. എല്ലാ പഞ്ചായത്തുകളിലും കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അതിനു തെളിവാണ്.
പഞ്ചായത്തുകളിൽ ഡൊമിസിലിയറി കെയർ സെന്ററുകളും ബ്ലോക്ക് തലത്തിൽ ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളും താലൂക്ക് തലത്തിൽ സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രങ്ങളും സജ്ജമാക്കുകയും അവിടെ കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം ഒരുക്കുകയും ചെയ്തു.
പൊതുഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ പദവികളിലേക്കാണ് അഞ്ജന നിയോഗിക്കപ്പെട്ടിരിക്കുന്നത്.