ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിൽ തമിഴ്നാട് സംസ്ഥാനം വലയുകയാണ്. തോരാതെ പെയ്യുന്ന മഴയിലും വെള്ളപൊക്കത്തിലും ദുരിതത്തിലായ തമിഴ്നാടിന് സഹായവുമായി എത്തിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ.
മഴക്കെടുതിയിൽ വലയുന്ന തമിഴ്നാടിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കേരളത്തിന്റെ പിന്തുണയെ തമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.
‘അതിരൂക്ഷമായ പ്രകൃതി ക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള് ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്.
തമിഴ്നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്കാന് എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്നാടിനൊപ്പം നില്ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.