ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിൽ ഫ്രാൻസിൽ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചത്. ഒരു ചിത്രത്തോടൊപ്പം ചോര്‍ കി ദാധീ (കള്ളന്റെ താടി) എന്ന കുറിപ്പോടെയായിരുന്നു രാഹുലിന്റെ പരിഹാസം.
2016ൽ ഇന്ത്യയുമായി ഒപ്പിട്ട 59,000 കോടി രൂപയുടെ യുദ്ധവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് അന്വേഷണമെന്ന് ഫ്രഞ്ച് ഓണ്‍ലൈൻ മാധ്യമമായ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യാന്തര കരാർ സംബന്ധിച്ച അതിസങ്കീർണമായ കേസിൽ കഴിഞ്ഞമാസം 14ന് അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
മീഡിയ പാർട്ട് നേതൃത്വം നൽകിയ നിരന്തര അന്വേഷണവും ഫ്രഞ്ച് സന്നദ്ധസംഘടനയായ ഷെർപ നൽകിയ പരാതിയുമാണ് ജുഡീഷൽ അന്വേഷണത്തിലേക്ക് നയിച്ചത്.
പബ്ലിക് പ്രോസിക്യൂഷൻ സർവീസ് മുൻ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.
കരാർ ഒപ്പിടുന്നത് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രൻസ്വാ ഒളാന്തിന്റെ ഭരണകാലത്താണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആയിരുന്നു അന്നത്തെ ധനമന്ത്രി. കരാറുമായി ബന്ധപ്പെട്ട് ഒളാന്തിന്റെ കാലത്തെ നടപടികൾ പരിശോധനയ്ക്കു വിധേയമാക്കിയേക്കും.
ഫ്രഞ്ച് വിമാനനിർമാണ കന്പനിയായ ദസോയും ഇന്ത്യൻ സർക്കാരും തമ്മിലായിരുന്നു കരാർ.
ഇന്ത്യക്ക് 36 യുദ്ധവിമാനങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ ആരോപിക്കപ്പെടുന്ന അഴിമതിയും സ്വജനപക്ഷപാതവുമാണ് അന്വേഷണപരിധിയിലുള്ളതെന്ന് ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ സാന്പത്തിക കുറ്റകൃത്യ വിഭാഗമായ (പിഎൻഎഫ് ) പറഞ്ഞു.
ഇന്ത്യയിൽ യുപിഎ ഭരണകാലത്ത് 570 കോടിയായിരുന്നു വിമാനത്തിന് വില കണക്കാക്കിയിരുന്നതെങ്കിൽ എൻഡിഎ സർക്കാർ വന്നതോടെ 2016ൽ വിമാനത്തിന്റെ വില 1670 കോടിയായി ഉയർത്തി.
സാങ്കേതികവിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയർത്തിയതെന്നാണ് സർക്കാർ വാദം. ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി 2018 ൽ നൽകിയ പരാതി പിഎൻഎഫ് നിരസിച്ചിരുന്നു.