അഹമ്മദാബാദ്: ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ഥന നടത്തുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. കടലിനടിയിൽ നിന്നുളള ചിത്രങ്ങൾ മോദി എക്സിൽ പങ്കുവച്ചു.
കടലിൽ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും, പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സിൽ കുറിച്ചു. കൃഷ്ണന് സമര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായാണ് പ്രധാനമന്ത്രി കടലില്‍ മുങ്ങിയത്. ഹിന്ദു മതവിശ്വാസ പ്രകാരം ദ്വാരക ശ്രീകൃഷ്ണന്റെ രാജ്യമായും, ഗാന്ധാരിയുടെ ശാപത്താൽ പിന്നീട് ആ പ്രദേശം അറബിക്കടലിൽ മുങ്ങിപോയതായും കരുതുന്നു.
ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്ശന് സേതു ഉദ്ഘാടനമടക്കമുളള ചടങ്ങുകൾക്കായി ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് സുദര്ശന് സേതു. ദ്വാരകാധീശ്വര ക്ഷേത്രത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഓഖയില്‍ നിന്ന് കൃഷ്ണന്റെ അന്തഃപുരമെന്ന് വിശ്വസിക്കുന്ന ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലമാണിത്.
ഇതിനു മുൻപ് ലക്ഷദ്വീപിലെത്തിയ മോദി കടൽ തീരത്തോട് ചേര്‍ന്ന് സ്കൂബ ഡൈവിംങ് നടത്തുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.