കല്‍പ്പറ്റ: വയനാട്ടിലെ കണ്ണീരൊഴുകുന്ന ദുരന്തഭൂമിയിലത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലുണ്ടായിരുന്ന ഒൻപതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒൻപതുപേര് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. 25 മിനിട്ടോളം പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചു.
ദുരന്തബാധിതർ തങ്ങളുടെ ദുരിതങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. മന്ത്രി അവരെ ആശ്വസിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരുമായും മോദി കൂടിക്കാഴ്ച നടത്തി. മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എം. ആര്. അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്.
അതേസമയം തങ്ങളുടെ ദുരിതത്തിന് പ്രധാനമന്ത്രി പരിഹാരം കണ്ടെത്തുമെന്ന് ക്യാന്പിൽ കഴിയുന്നവർ പറഞ്ഞു. ശുഭപ്രതീക്ഷയാണ് ഇക്കാര്യത്തിലെന്നും അവർ കൂട്ടിച്ചേർത്തു.