കോഴിക്കോട്: യുട്യൂബര്‍മാരായ ‘ഇ ബുള്‍ജെറ്റ്’ സഹോദരങ്ങളെ മോട്ടോര്‍വാഹനവകുപ്പ് പൊക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുമ്പോഴും വാഹനങ്ങള്‍ പുതുക്കിക്കൊടുക്കുന്ന കടകള്‍ ഇപ്പോഴും നഗര, ഗ്രാമവ്യത്യാസമില്ലാതെ സജീവം.
നിയമാനുസൃതമായ ആക്സസറീസ് വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ കടകള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
ആളുകള്‍ ആഗ്രഹിക്കുന്നരീതിയില്‍ വാഹനങ്ങള്‍ മോടിപിടിപ്പിച്ച് ‘ കുട്ടപ്പനാക്കുന്ന’ കടകളില്‍ പരിശോധന നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
നമ്പര്‍ പ്ലേറ്റുകള്‍ മുതല്‍ കളര്‍ വരെ ‘ന്യൂ ജൻ’ രീതിയില്‍ അടിച്ച് ഇഷ്ട പേരുപോലും നല്‍കിയാണ് പലരും വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.
ഇതിനുള്ള മോഡിഫിക്കേഷന് സാമഗ്രികള്‍ ജിഎസ്ടി ഉള്‍പ്പെടെ അടച്ചാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്നതെന്ന ന്യായമാണ് കടയുടമകള്‍ പറയുന്നത്.
വണ്ടി വലിച്ചുനീട്ടുക, വലിപ്പം കുറയ്ക്കുക, ഉയരം വര്‍ധിപ്പിക്കുക, വീതിയേറിയ ടയര്‍, ഉയര്‍ന്ന അലോയ്വീലുകള്, ഗിയര്‍ നോബുകള്‍, ഓഡിയോ സംവിധാനം, ഉയര്‍ന്ന ശബ്ദമുള്ള ഹോണ്‍ എന്നിവയും ബൈക്കുകളില്‍ ഹാന്‍ഡില്‍, സൈലന്‍സര്‍ , ലൈറ്റുകള്‍ തുടങ്ങിയവ മാറ്റുന്നതും ഉള്‍പ്പെടെയുള്ള മോഡിഫിക്കേഷനും നിലവില്‍ കുറ്റകരമാണ്.
എന്നാല്‍ ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിരവധിയാണുതാനും. വലിയ തുക കൊടുത്താണ് ആളുകള്‍ ഇതു വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും.
അതേസമയം, ഇത്തരം കടകളില്‍ പരിശോധന നടത്താന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും റോഡുകളില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ പരിശോധിക്കാനേ നിയമമുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.