കുറവിലങ്ങാട്: പഴയിടം മോഹനന് നമ്പൂതിരിയുടെ ഇല്ലത്ത് സന്ദര്‍ശനം നടത്തി മന്ത്രി വി.എന്‍. വാസവന്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണവിരുന്നിനെ ചൊല്ലി ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു മന്ത്രിയുടെ വരവ്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ ജ്യേഷ്ഠ സഹോദരനാണ് മന്ത്രി വാസവനെന്നായിരുന്നു പഴയിടത്തിന്റെ പ്രതികരണം.
പിണക്കം മാറ്റാനാണോ സന്ദര്‍ശനമെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു: സര്‍ക്കാരുമായോ ഞാനുമായോ മോഹനന്നമ്പൂതിരിക്കു പിണക്കമുണ്ടെങ്കിലല്ലേ മാറ്റാന്‍ വരേണ്ടതുള്ളൂ.
കോവിഡിന്റെ ദുരന്തമുഖത്ത് പഴയിടം നമ്പൂതിരിയെന്ന മനുഷ്യസ്നേഹിയുടെ മഹത്വം നാട് തിരിച്ചറിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പഴയിടത്തിന്റെ ഭാര്യ ശാലിനി, മകന് യദു പഴയിടം, ഭാര്യ അമൃത, മകന് അപ്പു, പഴയിടത്തിന്റെ ജ്യേഷ്ഠന് പി. ഡി. കേശവന്‍നമ്പൂതിരി എന്നിവരും ഇല്ലത്തുണ്ടായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാക്കമ്മിയംഗം സജേഷ് ശശി, പാലാ ഏരിയാ സെക്രട്ടറി പി. എം. ജോസഫ്, മരങ്ങാട്ടുപിള്ളി ലോക്കല്‍ സെക്രട്ടറി ജോസ് അഗസ്റ്റിന് എന്നിവരും ഗൃഹസന്ദര്നത്തില് സംബന്ധിച്ചു.