കോവിഡ് ഭീഷണി കുറയുന്നതിന്റെ ആശ്വാസത്തില്‍ നില്ക്കുന്ന ലോകത്തിനു മേല്‍ അടുത്ത വെള്ളിടിയാവുകയാണ് കുരങ്ങു പനി.
അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗം ഇപ്പോള്‍
ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്, ഇറ്റലി, യുകെ, സ്വീഡന്, പോളണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്.
സ്പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അങ്ങനെയാണ് ഇതിന് കുരങ്ങുപനി എന്ന പേര് ലഭിച്ചത്. 1970ലാണ് ആദ്യമായി മനുഷ്യനില്‍ രോഗബാധ സ്ഥിരീകരിച്ചത്.
ഇതുവരെ 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരികരിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്.
2017-ന് ശേഷം നൈജീരിയയിലാണ് ഏറ്റവും വലിയ രോഗവ്യാപനമുണ്ടായത്. ഈ വര്‍ഷം മാത്രം കുരങ്ങുപനിയെന്ന് സംശയിക്കുന്ന 46 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്.
മേയ് ഏഴിനാണ് യൂറോപ്പില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. നൈജീരിയയില്‍നിന്ന് മടങ്ങിയ വ്യക്തിയിലാണ് ബ്രിട്ടണില്‍ ആദ്യം വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഫ്രാന്‍സില്‍ 29 കാരനാണ് രോഗബാധ കണ്ടെത്തിയത്. ഫ്രാന്‍സില്‍ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗമുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ഒരേ വിരുന്നില്‍ പങ്കെടുത്തവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി റോയിട്ടേഴ്സും ഫോക്കസും റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ കാനഡ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ മസാച്യുസെറ്റ്സ് സ്വദേശിക്കാണ് വ്യാഴാഴ്ച കുരങ്ങുപനി സ്ഥിരീകരിച്ചത്.
കാനഡയില്‍ ഇതുവരെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ക്യൂബെക് പ്രവിശ്യയിലെ 17 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്.
ഇറ്റലി, സ്വീഡന് എന്നിവടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സംശയിക്കുന്നതായി ഓസ്ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. പോര്‍ച്ചുഗലില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേര് നിരീക്ഷണത്തിലാണ്.
വൈറസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നുമൊക്കെ രോഗം പകരാം. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍.
പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും.
എങ്കിലും അപൂര്‍വമായി മരണം സംഭവിക്കാറുണ്ട്. ലൈംഗികബന്ധത്തിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. രോഗംസ്ഥിരീകരിച്ചവരില്‍ നല്ലൊരു ഭാഗവും സ്വവര്ഗാനുരാഗികളാണെന്നതും ഇതിനെ സാധൂകരിക്കുന്നു.
കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്.
പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത് ഏത് വകഭേദമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്.
കോവിഡ് പോലെ കുരങ്ങുപനി ലോകവ്യാപകമായി പടരുമോയെന്ന ആശങ്ക പലരും പങ്കുവെയ്ക്കുമ്പോള്‍ ഇതിനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍, വരുംമാസങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കാമെന്നും യൂറോപ്പിലാകമാനം ഇത് പടരാമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് അഭിപ്രായപ്പെട്ടു.
വേനല്‍ക്കാലം ആകുന്നതോടെ വലിയ കൂടിച്ചേരലുകളും പരിപാടികളും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപനം കൂടിയേക്കുമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്, ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്കി. ട
ഇത്തരക്കാരില്‍ കുരങ്ങുപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്.