കൊച്ചി: സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന മോന്സണ് കൊച്ചിയിലെ കിംഗ് ലയറായിട്ടായിരുന്നു ജീവിതം നയിച്ചിരുന്നത്. ഇയാളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ വിഐപികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയ, പോലീസ്, സിവില്‍ സര്‍വീസ്, സിനിമ രംഗത്തെ പല പ്രമുഖരും ഇയാളുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഇയാളും വിഐപികളും ഒത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഐജി ലക്ഷ്മണ
തട്ടിപ്പ് കേസുകളില്‍ തനിക്കെതിരേ വരുന്ന പരാതികള്‍ അട്ടിമറിക്കാന്‍ ഇയാള്‍ പോലീസ് ബന്ധം ഉപയോഗിച്ചതിനുള്ള നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരേ ആലപ്പുഴ ഹരിപ്പാട്ടെ ശ്രീവത്സം ഗ്രൂപ്പ് നല്കിയ ആറു കോടി രൂപയുടെ തട്ടിപ്പുകേസ് അന്വേഷണം അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവന്നത്. സിനിമക്കാര്‍ക്ക് വാടകയ്ക്ക് നല്‍കാനായി മോന്‍സന്റെ പക്കല്‍നിന്നും ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രന് പിള്ള ആറു കോടി രൂപയ്ക്ക് വാങ്ങിയ മുന്തിയയിനം കാറുകള്‍ വെള്ളംകയറി നശിച്ചതായിരുന്നു. ഇതിന്റെ പേരില്‍ രാജേന്ദ്രന് പിള്ള മോന്‍സനെതിരേ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായി. ഇത് റദ്ദാക്കിപ്പിച്ച് അന്വേഷണം ചേര്‍ത്തല സിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രാഫിക് ഐജി ലക്ഷ്മണ പോല്സ് ആസ്ഥാനത്തെ എഐജിക്ക് കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് അയച്ച ഇ മെയില്‍ സന്ദേശമാണ് പുറത്തായിട്ടുള്ളത്.
നിത്യസന്ദർശകൻ
മോന്‍സന്റെ അടുപ്പക്കാരനായിരുന്നു അന്വേഷണ ചുമതല നല്‍കണമെന്ന് ഐജി ആവശ്യപ്പെട്ട സിഐ. എന്നാല്‍ പരാതിക്കാരുടെ എതിര്‍പ്പ് പരിഗണിച്ച് അന്വേഷണം മാറ്റിനല്‍കിയില്ല. ഈ കേസില്‍ ഇന്നലെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട് നല്കി. ഇയാള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ശ്രീവത്സം ഗ്രൂപ്പ് ഉടമക്കെതിരേ മോന്സന് നല്കിയ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ലക്ഷ്മണ. മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കും അദേഹം ഉണ്ടായിരുന്നതായാണ് സൂചന.
അതിനിടെ ശ്രീവത്സം കേസിലെ അനധികൃത ഇടപെടലിന് ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് ഏബ്രഹാം കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കഴിഞ്ഞ ഒക്ടോബര്‍ 16നാണ് നോട്ടിസ് നല്‍കിയത്. അതിനിടെ സാമ്പത്തിക തട്ടിപ്പു കേസുകൾ ഒതുക്കി തീര്‍ക്കാനായി മോന്‍സനെ സഹായിച്ചവരില്‍ എറണാകുളത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു.
‘ചേർത്തലയിലെ വീട്ടിൽ വല്ലപ്പോഴും; മോൻസന്റെ ഇടപാടുകൾ എപ്പോഴും എറണാകുളത്തെ വീട്ടിൽ’
ചേർത്തല: പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ 10 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസൻ നാട്ടുകാരുമായി ബന്ധമൊന്നും ഇല്ലായിരുന്നു.
വല്ലപ്പോഴും മാത്രമേ ചേര്‍ത്തല വീട്ടില്‍ എത്താറുകയുള്ളൂ. കൂടുതലും എറണാകുളം വസതി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തങ്ങള്‍.
ഇപ്പോള്‍ പ്രചരിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് നാട്ടിലുള്ളവര്‍ തന്നെ അറിയുന്നത്. ചേര്‍ത്തല വല്ലയില്ഭാഗത്ത് വർഷങ്ങളായി ഇരുനില വീട് വച്ച് താമസിക്കുകയായിരുന്നു.
മനസമ്മതം
നാട്ടുകാരുടെ ഏതെങ്കിലും ആവശ്യങ്ങൾക്കായി പിരിവിനായി ചെന്നാൽ മനസ് മടുപ്പിക്കാതെ കാര്യമായി കൊടുക്കുന്ന സ്വഭാവമാണുള്ളത്. മോൻസന്റെ ജോലി എന്താണെന്നെന്നും നാട്ടുകാർക്ക് അറിയില്ലായിരുന്നു. ശനിയാഴ്ച മകളുടെ മനസമ്മതമായിരുന്നു.
മനസമ്മതത്തിന് വീട്ടില്‍ പന്തല്‍ കെട്ടുമ്പോഴാണ് ഇവിടെ പരിപാടി നടക്കുന്നതെന്ന് നാട്ടുകാരില്‍ പലരും അറിഞ്ഞുള്ളൂ. പരിപാടിയില്‍ വിശിഷ്ടാതിഥികൾ അനവധി ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
രാത്രിയോടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രണ്ട് കാറുകളിലായി എത്തിയത്. വീടിന്റെ രണ്ട് വശങ്ങളിലായി പാർക്ക് ചെയ്ത ശേഷമാണ് മോൻസനെ അറസ്റ്റ് ചെയ്യുവാനായി വീടിനകത്ത് ഉദ്യോഗസ്ഥർ കയറി ചെന്നത്.
21 വാഹനങ്ങൾ
മോൻസനും അന്വഷണ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം നടക്കുന്നതിനിടെ മോൻസന്റെ സ്വകാര്യ സെക്യൂരിറ്റി ഫോഴ്സ് പാഞ്ഞടുത്തു. ക്രൈംബ്രാഞ്ചാണ് എന്ന് മനസിലാക്കിയതോടെ സെക്യൂരിറ്റികൾ പിന്‍വാങ്ങി. ആഡംബര ജീവിതം നയിച്ചിരുന്ന മോൺസന്റെ രണ്ട് മുന്തിയ ഇനം കാറുകൾ വീടിന് പുറത്തുണ്ടായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യവസായികളില്‍ നിന്നും മറ്റും ഉപയോഗിച്ച ആംഡംബര കാറുകളെടുത്ത് വിപണി കണ്ടെത്തുകയും സിനിമാ മേഖലയിലും ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്കും വാടകക്കും വില്പനയും നടത്തിയിരുന്നതായും പറയുന്നു.
ഇത്തരത്തില്‍ നടത്തിയ ഇടപാടിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കാരവന് അടക്കമുള്ള 21 വാഹനങ്ങള്‍ ചേര്‍ത്തല പോലീസില്‍ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസിന്റെ ഉന്നത ബന്ധങ്ങള്മൂലം പല കാര്യങ്ങളും വെളിച്ചത്തുവന്നില്ല. ഈ വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ കിടന്നു നശിക്കുകയാണ്.
ഉന്നതബന്ധങ്ങൾ
പോലീസിന്റെ ഉന്നതതല ബന്ധം ഇയാള്‍ പലരീതിയില്‍ മുതലെടുത്തെന്നുവേണം കരുതാന്‍. സംഭവം വിവാദമായതോടെ ഇയാളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വകുപ്പതലത്തിലും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നതായാണ് സൂചന.
വിവിധ നേതാക്കന്മാരുമായും പോലീസ് ഉദ്യോഗസ്ഥരമായുള്ള ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോൻസണെതിരെ രണ്ടുവര്‍ഷമായി പരാതികള്‍ പലതുയര്‍ന്നെങ്കിലും ഇതെല്ലാം പോലീസ് ഉന്നത ബന്ധത്തില്‍ പരിഹരിക്കുകയായിരുന്നെന്നാണ് വിവരം.
വാഹന തട്ടിപ്പുകേസിലടക്കം ഇയാള്‍ക്കു സഹായകരമായ നിലപാടുകളാണ് പോലീസ് സ്വീകരിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
മോൺസന്റെ രണ്ട് മുന്തിയ ഇനം ആഡംബര കാറുകൾ ചേര്‍ത്തലയിലെ വസതിക്കുസമീപം പാര്‍ക്ക് ചെയ്ത നിലയില്‍.