കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരേ മൂന്നു പീഡന കേസില്‍കൂടി അന്വേഷണം പുരോഗമിക്കുന്നു. ഇതിലെയും കുറ്റപത്രം ക്രൈംബ്രഞ്ച് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്സൻ മാവുങ്കലിനെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ലൈംഗികാതിക്രമക്കേസുകളില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.
60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2019-ല്‍ കലൂരിലെ ആഡംബര വാടക വീട്ടില്‍ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നല്ല രീതിയിൽ ജീവിതവും തുടര്‍വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തു ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് ആരോപണം.
പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.
കേസില്‍ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ സംബന്ധിച്ചു കോടതി വാദം കേള്‍ക്കും.