കൊച്ചി: റിയല്‍ എസ്റ്റേറ്റുകാര്ക്കിടയിലെ “അജ്ഞാത ഡോക്ടര്‍’ മോന്സനാണോ എന്നറിയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം.
കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളില്‍ ബിനാമികള്‍ വഴി ഇയാള്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
അഞ്ചു വര്‍ഷം മുമ്പുവരെ റിയല്‍ എസ്റ്റേറ്റുകാര്ക്കിടയില് ചര്‍ച്ചാ വിഷയമായിരുന്നു ഈ ‘ഡോക്ടര്‍’. “ഡോക്ടര്‍’ വിദേശത്താണെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇടപാടു നടത്താനായി എത്തിയിരുന്നതാകട്ടെ ബിനാമികളും. മോന്സന് അറസ്റ്റിലാകുന്നതുവരെ “ഡോക്ടര്‍’എന്നായിരുന്നു അറിയപ്പെട്ടിരുന്നതും.
ഇത്തരം സാഹചര്യത്തിലാണ് മോന്സനിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നത്. മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ വന്‍ തുകകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തട്ടിപ്പിനിരയാവര്‍ നല്കിയ പണവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇയാള്‍ സാമ്പത്തിക ഇടപാടുകളെല്ലാം ബെനാമികളെയും ഇടനിലക്കാരെയും മുന്‍നിര്‍ത്തിയാണോ നടത്തിയിരുന്നതെന്ന സംശയം ബലപ്പെടുകയാണ്.
മോന്‍സനുമായി അടുപ്പമുള്ള പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളില്‍ ആദ്യ രണ്ടു കേസുകളിലെ കസ്റ്റഡി കാലാവധി തീര്‍ന്നതോടെ മോന്‍സനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 20 വരെ റിമാന്‍ഡ് ചെയ്തു.