തൊടുപുഴ: മൂലമറ്റം വെടിവെയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലി പുത്തൻ പുരയ്ക്കൽ ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത 18.01 എംഎം ഡബിൾ ബാരൽ ഷോർട്ട് ഗണ്‍.
കരിങ്കുന്നം പ്ലാന്‍േറഷൻ സ്വദേശിയുടെ പക്കൽ നിന്നാണ് ഫിലിപ്പ് തോക്കു വാങ്ങിയത്. തോക്കിന്റെ ലോഹഭാഗങ്ങൾ പൂർണമായും വിദേശ നിർമിതമാണ്.
തടിയുപയോഗിച്ച് നിർമിച്ചിരിക്കുന്ന പാത്തി മാത്രമാണ് ഇന്ത്യൻ നിർമിതം. ജില്ലയിൽ ഫിലിപ്പ് മാർട്ടിന്റെ കൈയിൽ മാത്രമാണ് ഇത്തരത്തിലുള്ള തോക്കുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തോക്കുപയോഗിക്കുന്നതിലും ഇയാൾ അതി വിദഗ്ധനായിരുന്നു 2016-ലാണ് ഫിലിപ്പ് മാർട്ടിൻ കരിങ്കുന്നം പ്ലാന്‍േറഷൻ സ്വദേശി ശശിയുടെ പക്കൽ നിന്നും തോക്കു വാങ്ങിയത്.
ശശിയ്ക്ക് തോക്ക് എത്തിച്ചു നൽകിയതാരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അക്കാലത്ത് പോതമേട്ടിൽ പാട്ടത്തിനെടുത്തിരുന്ന ഏലത്തോട്ടത്തിൽ കാട്ടുമൃഗങ്ങളെ വേട്ടായാടാനാണ് ഫിലിപ്പ് മാർട്ടിൻ തോക്കു വാങ്ങിയത്.
ശശി ഇത്തരത്തിൽ വിദേശ നിർമിത തോക്കുകൾ മുൻപും വിൽപ്പന നടത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ പാല, കരിങ്കുന്നം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
2016-ലാണ് ഇയാൾ മരിച്ചത്. ഇവിടെ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. ശശിയുടെ ഭാര്യ പ്രതിയെ തിരിച്ചറിഞ്ഞു.
തിരകൾ വാങ്ങിയത് കർണാടകയിൽ നിന്ന്
വെടിയുതിർക്കാൻ ഉപയോഗിച്ച തിരകൾ കർണാടകയിൽ നിന്നും വാങ്ങിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടൂുണ്ട്.
വീട്ടിൽ സൂക്ഷിച്ചതിൽ നിന്നും അഞ്ചു തിരകൾ പ്രതി വീട്ടിൽ നിന്നും എടുത്തുകൊണ്ടു പോയിരുന്നു. ഇതിൽ ഒരെണ്ണം തോക്കിൽ തന്നെ ഉണ്ടായിരുന്നു.
രണ്ടെണ്ണം ഉപയോഗിച്ചാണ് സനൽബാബുവിനും പ്രദീപ് കുമാറിനും നേരെ വെടിയുതിർത്തത്. രണ്ടെണ്ണം പന്നിയെ വെടിവെയ്ക്കാൻ ഉപയോഗിച്ചെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയത്.
പോലീസ് ഇന്നലെ പ്രതിയുമായി വീട്ടിൽ നടത്തിയ പരിശോധനയിൽ 10 തിരകൾ കണ്ടെടുത്തു. കൂടാതെ വീട്ടിൽ നിന്നും ശേഷി കൂടിയ എയർ ഗണ്ണും കണ്ടെത്തിയിരുന്നു.
ഡിണ്ടിഗൽ സ്വദേശിയിൽ നിന്നാണ് ഇതു വാങ്ങിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. പോലീസ് സംഘം കർണാടകയിലും ഡിണ്ടിഗലിലും അന്വേഷണത്തിനായി പോയിട്ടുണ്ട്.
പ്രതി കസ്റ്റഡിയിൽ
പ്രതി മൂലമറ്റം മാവേലി പുത്തൻ പുരയ്ക്കൽ ഫിലിപ്പ് മാർട്ടിനെ (32) അഞ്ചു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഇന്നലെ പോലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ മൂലമറ്റം എകെജി കോളനിയ്ക്ക് സമീപമുള്ള പ്രതിയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 26നാണ് അറക്കുളം അശോക കവലയിൽ തട്ടുകടയിൽ ഭക്ഷണത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായതും ഇതേ തുടർന്നുണ്ടായ സംഘർഷം പിന്നീട് വെടിവെയ്പ്പിൽ കലാശിച്ചതും.
സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനായ ഇടുക്കി കീരിത്തോട് സ്വദേശി സനൽബാബു വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഇയാൾക്കൊപ്പം വെടിയേറ്റ സുഹൃത്ത് കണ്ണിക്കൽ സ്വദേശി പ്രദീപ്കുമാർ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.