പെണ്‍സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ സുള്ളിയയില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം.
ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയില്‍ വഴി പരാതി നല്‍കിയതെന്നു പോലീസ് പറഞ്ഞു.
സുള്ളിയയിലെ സന്തോഷ് തിയറ്ററില്‍ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെണ് സുഹൃത്തും.
രാവിലെ 11നായിരുന്നു ഷോ. 10.20ന് തിയറ്ററിലെത്തിയ ഇരുവരും തിയറ്ററിലെ പാര്‍ക്കിംഗ് പരിസരത്ത് സംസാരിച്ചു നിന്നു. ഇതുകണ്ട ഒരു സംഘം ആളുകള്‍ ഇംതിയാസിന്റെ അരികില്‍ എത്തി ചോദ്യംചെയ്യാന്‍ തുടങ്ങി.
പിന്നാലെ യുവാവിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിയറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം മര്‍ദ്ദനം അവസാനിപ്പിച്ചത്. ഇംതിയാസിന്റെ പരാതിയില്‍ സുള്ളിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.