തലശേരി: തലശേരി നഗരമധ്യത്തിലെ സ്വകാര്യമാളിലെ ഹൈപ്പർ മാർക്കറ്റിലെ ഗോഡൗണിൽ വനിതാ ഡോക്ടറെ ഒന്നരമണിക്കൂർ പൂട്ടിയിട്ട് പതിനായിരം രൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാവിലെ 11.30 തോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
അസിസ്റ്റന്റ് പ്രഫസർ പദവിയിലുള്ള വനിതാ ഡോക്ടർക്കാണ് ദുരനുഭവം ഉണ്ടായത്. വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ കസ്റ്റമറായ ഡോക്ടറെ മോഷണക്കുറ്റം ആരോപിച്ചാണ് സ്വകാര്യമാൾ അധികൃതർ ഒന്നരമണിക്കൂർ കുടിവെള്ളം പോലും കൊടുക്കാതെ പൂട്ടിയിട്ടത്.
തുടർന്ന് പിഴയായി പതിനായിരം രൂപ ഈടാക്കുകയും ചില രേഖകളിൽ ഒപ്പിടുവിക്കുകയും ചെയ്തു.ക്യൂട്ടെക്സ് ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കൾ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. സാധനങ്ങൾ വാങ്ങി പണം അടയ്ക്കാൻ കൗണ്ടറിലെത്തിയ ഡോക്ടറെ ഹൈപ്പർ മാർക്കറ്റിന്റെ താഴെയുള്ള ഗോഡൗണിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് ഗോഡൗണിൽ പൂട്ടിയിട്ടു. ഇതിനിടയിൽ ചില ജീവനക്കാർ എത്തി അസഭ്യം പറഞ്ഞു. പണം വാങ്ങിയെടുക്കുകയും രേഖകൾ ഒപ്പിടുവിക്കുകയും ചെയ്ത ശേഷമാണ് ഡോക്ടറെ പുറത്തേക്കു വിട്ടത്.
കടുത്ത മാനസിക പീഡനത്തെത്തുടർന്ന് അവശയായ നിലയിലാണ് ഡോക്ടർ പുറത്തെത്തിയത്. തുടർന്ന് തലശേരി ടൗൺ പോലീസ് സ്റ്റേഷനിലെത്തി ഇവർ പരാതി നൽകുകയായിരുന്നു. ഡോക്ടറുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.