ചേർത്തല: സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ഭക്ഷണശാലയിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു.
കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് തിരുമലഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടി (65) യുടെ ആര്യഭവൻ എന്ന ഭക്ഷണശാലയിലാണ് ചൊവ്വാഴ്ച രാത്രിയിൽ മോഷണം നടന്നത്.
ബുധനാഴ്ച പുലർച്ചെ കട തുറക്കാൻ എത്തിയ മുഹമ്മദ് കുട്ടിയാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പൈസ നഷ്ടപ്പെട്ടന്ന് അറിഞ്ഞതോടെ ചേർത്തല പോലീസിൽ പരാതിപ്പെട്ടു.
കടയുടെ വാടകയും മറ്റു സാധനങ്ങൾ വാങ്ങുന്നതിനുമുള്ള പൈസയാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. കടയുടെ പുറകു വശത്തുകൂടി മുകളിൽ കയറി എക്സോസ്റ്റ് ഫാൻ ഇളക്കിമാറ്റിയാണ് മോഷ്ടാവ് കടയിൽ കയറിയത്.
18 വർഷമായി കട നടത്തുന്ന മുഹമ്മദുകുട്ടി ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സതേടുന്ന ആളുമാണ്. ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.