കാട്ടാക്കട: കാട്ടാക്കടയിൽ ആളില്ലാതിരുന്ന വീട്ടിൽ മോഷണ ശ്രമം. കാട്ടാക്കട മൊളിയൂർ സോപാനത്തിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണശ്രമം നടന്നത്.
വീടിന്റെ മുൻവശത്തെവാതിലിന്റെ പൂട്ട് പൊളിക്കാനുള്ള ശ്രമം പാളിയതോടെ വർക്ക് ഏരിയായുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കട്ടിലുകളും മുറികളിലെ കബോർഡുകളും നശിപ്പിച്ചു.
ഒരാഴ്ചയായി വീട്ടിൽ രാത്രിയിൽ ആളുകൾ ഉണ്ടായിരുന്നില്ല. പകൽ സമയം വീട്ടുടമസ്ഥൻ വന്നു പോയിരുന്നു.ശനിയാഴ്ച രാത്രി എട്ടിനുശേഷമാണ് വീട്ടുടമ ഇവിടെ നിന്നും പോയത്.
ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വാതിലുകൾ പൊളിച്ച കണ്ടെത്തിയത്. സ്വർണമോ പണമോ, ഗൃഹോപകരണങ്ങളോ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും വാതിലുകളും പൂട്ടുകളും ഉൾപ്പടെ രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് വീട്ടുടമ രാധാകൃഷ്ണൻ പറഞ്ഞു.
കാട്ടാക്കട പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.അന്വേഷണത്തിനിടെ ഡോഗ് സ്ക്വഡിനൊപ്പം ഓടുന്നതിനിടെ വീണ് കാട്ടാക്കട സ്റ്റേഷനിലെ എഎസ്ഐ സുനിലിന് പരിക്കേറ്റു .
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.