ചിങ്ങവനം: നാട്ടകത്ത് നാല് വീടുകളില്‍ മോഷണ ശ്രമം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നിനും 5.30നും ഇടയിലാണ് സംഭവം.
നാട്ടകം മറിയപ്പള്ളിക്കും ചെട്ടിക്കുന്നിനും ഇടയ്ക്കുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്. അശ്വതി നിവാസില്‍ പി.കെ. സജിമോള്‍, ആശാലയം വീട്ടില്‍ രവീന്ദ്രന്, തോട്ടുങ്കല്‍ ജയകുമാര്‍, ചേരിക്കല്‍ രവീന്ദ്രന് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
അടുക്കള ഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്. കതക് തുറക്കുന്നതിനിടയില്‍ ശബ്ദം കേട്ടും അകത്ത് കടന്ന് അലമാര തുറക്കുന്ന ശബ്ദം കേട്ടുമാണ് വീട്ടുകാരറിഞ്ഞത്.
സജിമോളുടെ വീട്ടില്‍ അകത്ത് കയറിയ മോഷ്ടാവ് അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉറക്കമുണര്‍ന്നത്. ഇതേത്തുടര്‍ന്ന് മോഷ്ടാവ് കയ്യില്‍ ഉണ്ടായിരുന്ന ആയുധം കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു.
രവീന്ദ്രന്റെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകള്‍ കിടന്നിരുന്ന മുറിയില്‍ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് കുട്ടി ഉറക്കമുണര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ച് വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു.
ഈ സമയം മോഷ്ടാവ് ഇറങ്ങിയോടി. ചേരിക്കൽ രവീന്ദ്രന്റെ വീട്ടിലെ കതക് തുറക്കുന്നതിനിടയിലാണ് വീട്ടുകാര്‍ വിവരമറിയുന്നത്. സംഭവത്തെത്തുടര്‍ന്ന് വീട്ടുകാര്‍ ചിങ്ങവനം പോലീസില്‍ പരാതി നല്കി.
പോലീസ് സ്ഥലത്തെത്തി എല്ലാ വീടുകളിലും വിശദമായ പരിശോധന നടത്തി. സയന്റിഫിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്ഥലത്തുനിന്നു ലഭിച്ച വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
വീടുകളിലെ നിരീക്ഷണ കാമറാകളില്നിന്നും മങ്കിക്യാപ് ധരിച്ച മോഷ്ടാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. 50 നടുത്ത് പ്രായമുള്ള ഉയരം കുറഞ്ഞ ആളാണെന്ന് കാമറാകളില്നിന്നു വ്യക്തമായിട്ടുണ്ട്. ചിങ്ങവനം എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.