നെടുമ്പാശേരി: വനിതാ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിലായെങ്കിലും നഷ്ടപ്പെട്ട വസ്തുക്കൾ ഡോക്ടർക്ക് തിരികെ ലഭിച്ചില്ല.
അത്താണി കെഎസ്ഇബി ഓഫീസിന് സമീപം താമസിക്കുന്ന മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യുവിന്റെ വീട്ടിൽ 2019 ഫെബ്രുവരി 19 നായിരുന്നു മോഷണം നടന്നത്.
57 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസും, എഴുപത്തി ഒമ്പതിനായിരം രൂപയും കവർച്ച നടത്തിയെന്നാണ് കേസ്.
ഈ കേസിലെ രണ്ട് പ്രതികൾ എട്ട് മാസം മുൻപും ഒരാൾ കഴിഞ്ഞ ദിവസവുമാണ് അറസ്റ്റിലായത്.
മധുര സ്വദേശികളായ സുന്ദര്‍രാജ്, ജെയ്സൻ, തേനി ടി.ടി.വി ദിനകരൻ നഗറിൽ ഭഗവതി എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
സ്വർണം ഷാളില്‍ പൊതിഞ്ഞെടുത്തു
ഡോ. ഗ്രേസ് മാത്യു അത്താണിയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. തിരക്കേറിയ റോഡിന് സമീപം താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നത് നാടിനെ ഞെട്ടിച്ചിരുന്നു.
പിന്നിലെ വാതിലൂടെ വീടിനകത്ത് കയറിയ രണ്ടംഗ സംഘത്തിലെ മുഖ്യപ്രതി സുന്ദർരാജ് ഡോക്ടറെ കട്ടിലിലേക്ക് തള്ളി വീഴ്ത്തി പുതപ്പ് കൊണ്ട് മുഖം മൂടുകയും കൈകൾ പിന്നിലേക്ക് പിടിച്ചു നിൽക്കുകയും ചെയ്തു.
ശബ്ദിച്ചാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം ജെയ്സൻ സ്വര്‍ണവും പണവും വാരിക്കൂട്ടി ചുരിതാറിന്റെ ഷാളില്‍ പൊതിഞ്ഞെടുക്കുകയായിരുന്നു. മൂന്നാമൻ ഭഗവതി വീടിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.
സുന്ദർരാജ് കുപ്രസിദ്ധൻ
കുപ്രസിദ്ധ മോഷ്ടാവാണ് കേസിൽ പിടിയിലായ സുന്ദർരാജ്, ഫോറൻസിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽനിന്നും ലഭിച്ച വിരലടയാളം സുന്ദർരാജിന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.
ഇതോടെയാണു കേസിൽ വഴിത്തിരിവായത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മറ്റു രണ്ടു പേരെ സംബന്ധിച്ച വിവരങ്ങൾ കൂടി പോലീസിന് ലഭിക്കുകയായിരുന്നു.
എന്നാൽ മൂന്നു പ്രതികളും പിടിയിലായെങ്കിലും മോഷണ വസ്തുക്കൾ കണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ചില ജ്വല്ലറികളില്‍ പോലിസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.
പ്രതികൾ പിടിയിലായെങ്കിലും തന്റെ നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ ലഭിക്കാത്ത ദുഖത്തിലാണ് ഇപ്പോഴും ഡോ. ഗ്രേസ് മാത്യു.