മട്ടാഞ്ചേരി: കൊതുകുശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ കൊച്ചി കോർപറേഷന് സോണൽ ഓഫീസിനു മുന്നിൽ കൊതുക് പിടിത്ത മത്സരം സംഘടിപ്പിച്ചു പ്രതിഷേധിച്ചു.
മട്ടാഞ്ചേരി മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകരാണു വ്യത്യസ്തമായ സമരം നടത്തിയത്.സ്റ്റീൽ പ്ലേറ്റിൽ എണ്ണ പുരട്ടി വീശി കൊതുകിനെ പിടിക്കുന്നതായിരുന്നു മത്സരം.
മത്സര സമയം 15 മിനിറ്റ്. 116 കൊതുകുകളെ പിടിച്ച് ആർ.ബഷീർ ഒന്നാം സമ്മാനമായ ഇലട്രിക് മോസ്കിറ്റോ ബാറ്റിന് അർഹനായി.
101 കൊതുകുമായി സംജാത് ബഷീർ രണ്ടാം സ്ഥാനത്തിനുള്ള കൊതുകുവല സമ്മാനമായി നേടി.ആർ. രവികുമാർ 76 കൊതുകുകളെ പിടിച്ച് മൂന്നാം സമ്മാനമായ ഒരു പാക്കറ്റ് കൊതുകുതിരി നേടി.
സാമുഹ്യ പ്രവർത്തകൻ റഫീഖ് ഉസ്മാൻ സേട്ട് ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു.
എം.എം.സലീം, പി.എ.ഷംസു, സുജിത്ത് മോഹൻ, നവാസ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്തു കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.