കോവിഡ് രോഗബാധയെ തടുത്തുനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവിതം പോലും മറന്ന് ആതുരശുശ്രൂഷയിൽ ഏർപ്പെടുന്ന ഇവരെ ലോകം നമിക്കുകയാണ്.
സ്വന്തം കുടുംബത്തിൽ നിന്നും ഏറെനാളായി മാറിനില്‍ക്കേണ്ടി വരുന്ന ആരോഗ്യപ്രവർത്തകരുടെ അവസ്ഥ ഏവരുടെയും കരളുലയ്ക്കുന്നതാണ്. ഇത്തരത്തിൽ മാറിനില്‍ക്കുന്ന ഒരമ്മയും മകളും തമ്മിലുള്ള കണ്ടുമുട്ടലാണ് കാഴ്ചക്കാരുടെ കണ്ണുനനയ്ക്കുന്നത്.
കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സായ അമ്മയെ അകലെ നിന്ന് കണ്ട് കരയുകയാണ് മൂന്നുവയസുകാരിയായ മകൾ. കർണാടകയിലെ ബെലാഗവിയിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ. കോവിഡ് ജോലിക്ക് ശേഷം ക്വാറന്റൈനിൽ കഴിയുകയാണ് ബെലാഗവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്സായ സുഗന്ധ.
അച്ഛനൊപ്പമാണ് കുട്ടി അമ്മ ക്വാറന്റൈനിൽ കഴിയുന്ന സ്ഥലത്ത് എത്തിയത്. 15 ദിവസങ്ങൾക്കു ശേഷമേ സുഗന്ധിക്ക് വീട്ടിലേക്ക് മടങ്ങാനാവൂ.
എന്നാൽ അമ്മയെ കാണാതെ ഭക്ഷണം പോലും കഴിക്കില്ലെന്ന വാശിയിലാണ് കുഞ്ഞ്. മാസ്ക് ധരിച്ച് കെട്ടിടത്തിന് മുൻപിൽ നിന്നുകൊണ്ട് അൽപദൂരം മാറിനിന്ന് മകളെ കാണുവാൻ മാത്രമേ ഈ അമ്മയ്ക്കും സാധിച്ചുള്ളു.
തന്റെ അടുക്കൽ എത്താൻ അച്ഛനോട് വാശിപിടിക്കുന്ന മകളെ കണ്ട് കണ്ണീർ നിയന്ത്രിക്കാൻ അമ്മയ്ക്കും സാധിച്ചില്ല. സ്വന്തം കുഞ്ഞിന്റെ അടുത്ത് വരാൻ പോലും കഴിയാതെ, ഒന്നു വാരിയെടുത്ത് ഉമ്മവയ്ക്കാൻ പോലും കഴിയാതെ ആ അമ്മയുടെ ഹൃദയം വിതുമ്പി.
“അമ്മേ വാ അമ്മേ വാ’ എന്ന് കൈ നീട്ടി കുഞ്ഞ് കരയുമ്പോൾ “അമ്മ വരാം മോള് ആദ്യം വീട്ടിൽ പോയി ഭക്ഷണം കഴിച്ചോളൂ..’ എന്ന് സുഗന്ധി പറയുന്നു.
എന്നിട്ട് മാസ്കിനുള്ളിൽ നിറകണ്ണുകളോടെ സുഗന്ധി അവരെ കൈവീശി യാത്രയാക്കുന്നു. സഹപ്രവർത്തകർ ഈസമയം അവരെ ആശ്വസിപ്പിക്കുന്നുണ്ട്.
ഏറെ ദുഃഖമുണർത്തുന്ന ദൃശ്യങ്ങൾ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ട്വീറ്റ് ചെയ്തു. കൂടാതെ ഫോണിൽ വിളിച്ച് സുഗന്ധയെ ആശ്വസിപ്പിക്കുകയും ചെയ്തു.
പിന്നീട് അദ്ദേഹം അയച്ച കത്തിൽ, കോവിഡിനെ പ്രതിരോധിക്കാൻ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ(ആശ)പ്രവർത്തകരും പൊലീസും സർക്കാർ ജീവനക്കാരും നടത്തുന്ന നിസ്വാർഥ സേവനത്തെയും അഭിനന്ദിച്ചു.