കണ്ണൂർ: പോലീസ് ചമഞ്ഞെത്തി ഫോർട്ട് റോഡിൽനിന്നു യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചോടിയ പ്രതി അറസ്റ്റിൽ. കക്കാട് സ്വദേശി സി.പി. സാജിറി (24)നെയാണ് കണ്ണൂർ ടൗൺ എസ് ഐ നസീബിന്റെ നേതതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാഹി സ്വദേശി മുഹമ്മദ് സഹീമി(19) ന്റെ ഫോണായിരുന്നു തട്ടിപ്പറിച്ചത്.
ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് സഹീമും സുഹൃത്തും ഫോർട്ട് റോഡിന് സമീപത്തുള്ള പെട്ടിക്കടയ്ക്ക് സമീപം നിൽക്കുമ്പോൾ പോലീസാണെന്ന് പറഞ്ഞ് സാജിർ എത്തുകയായിരുന്നു.
പോലീസ് മുറയിൽ ഇരുവരെയും ചോദ്യം ചെയ്തു. സാജിറിനെ കണ്ട് സംശയം തോന്നിയ സഹീമും സുഹൃത്തും തിരിച്ചുചോദ്യം ചെയ്തപ്പോൾ സഹീമിന്റെ 18000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
തുടർന്ന് സഹീം പോലീസിൽ പരാതി നൽകി. പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലെ സ്ഥിരം പിടിച്ചുപറി സംഘത്തിന്റെ ഫോട്ടോകൾ കാണിച്ചു കൊടുത്തപ്പോൾ അതിൽനിന്നു പ്രതിയെ തിരിച്ചറിയുകയും എസ്ഐ നസീബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.