നിലന്പൂർ: വാക്കും വരികളും തെറ്റിക്കാതെ തന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വണ്ടൂർ ഗവ.സ്കൂളിലെ കൊച്ചു മിടുക്കിക്ക് രാഹുൽഗാന്ധി എംപിയുടെ അഭിനന്ദനം.
വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ മുഫീദ അഫ്രിയാണ് എംപിയുടെയും സദസിന്റെയും നിറഞ്ഞ കയ്യടി നേടി താരമായത്.
അക്ഷരസ്ഫുടത കൊണ്ടും വാക്കുകളുടെ ചടുലത കൊണ്ടും സദസിനെ ഇളക്കിമറിച്ചായിരുന്നു മുഫീദയുടെ പ്രസംഗപരിഭാഷ. ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് പരിഭാഷകന്റെ ആവശ്യമില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ അവസാന നിമിഷം യാദൃശ്ചികമായി അങ്ങനെയൊരു അവസരം മുഫീദയിൽ എത്തിപ്പെടുകയുമായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ചെറുകോട് സ്വദേശിനിയായ മുഫീദ അഫ്രി പഠനപ്രവർത്തനങ്ങളിലും ഏറെ മികവ് തെളിയിച്ച വിദ്യാർഥിനിയാണ്.
തന്റെ പ്രസംഗം മികച്ച രീതിയിൽ പരിഭാഷപ്പെടുത്തിയതിന് രാഹുൽ ഗാന്ധി തന്റെ സംസാരത്തിനൊടുവിൽ മുഫീദയെ നേരിട്ട് അഭിനന്ദനം അറിയിച്ചാണ് വേദിയിൽ നിന്ന് പിൻവാങ്ങിയത്.