തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷസമരങ്ങൾ വ്യാപകമാകുന്നതിനിടെ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും മുകേഷിനെതിരേ രംഗത്തെത്തിയതോടെ സിപിഎമ്മിനു മേൽ സമ്മർദമേറുന്നു.
ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുകേഷ് വിഷയം ചർച്ച ചെയ്യും. മുകേഷ് തിരക്കിട്ട് രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നത്.
മുകേഷ് ധാര്‍മികത മുന്‍നിര്‍ത്തി രാജിവച്ച് മാറിനില്‍ക്കണമെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്.
ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. സിപിഐ നിലപാട് സ്ത്രീപക്ഷമാണെന്നും മുകേഷ് വിഷയത്തിൽ ആനി രാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും. ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ പാർട്ടി നിലപാടിൽ പരോക്ഷ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്തെത്തി.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെക്കുറിച്ച് ചില ചിന്തകള്‍ എന്ന തലക്കെട്ടിൽ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബൃന്ദയുടെ പരോക്ഷ വിമർശനം. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്.
മുന്‍പ് ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമുള്ള സിപിഎം നിലപാടിനെതിരെയാണ് ബൃന്ദയുടെ വിമർശനം. ലേഖനത്തിന്റെ ആദ്യഭാഗത്ത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ ബൃന്ദ കാരാട്ട് അഭിനന്ദിക്കുന്നുണ്ട്.
ലൈംഗിക ചൂഷണ ആരോപണ വിധേയനായ മുകേഷിനെതിരേ കേസ് എടുത്തതിലൂടെ സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ വ്യാജ ആരോപണത്തിന് പിന്നിലെ തരംതാണ രാഷ്ട്രീയം വെളിപ്പെട്ടുവെന്നും ബൃന്ദ പറയുന്നു.
എംഎൽഎ ബോർഡ് മാറ്റി മുകേഷ് കൊച്ചിയിലേക്ക്
തിരുവനന്തപുരം: ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിഷേധങ്ങൾ കനക്കുകയും ചെയ്തതോടെ കൊല്ലത്തെ ഇടതുമുന്നണി എംഎൽഎ മുകേഷ് ഇന്ന് യാത്ര ചെയ്തത് തന്റെ കാറിൽ നിന്നും എംഎൽഎ ബോർഡ് മാറ്റിയശേഷം. പ്രതിഷേധക്കാരെ ഭയന്നാണ് താൻ സ്ഥിരമായി സഞ്ചരിക്കുന്ന വാഹനത്തിൽനിന്നും എംഎൽഎ എന്ന് രേഖപ്പെടുത്തിയ ബോർഡ് മാറ്റിയത്. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വാഹനത്തിൽനിന്നും എംഎൽഎ എന്ന ബോർഡ് മാറ്റിയ നിലയിലായിരുന്നു.
മുകേഷിന്റെ കുമാരപുരത്തെ വീടിന് മുന്നിലും കൊല്ലത്തെ ഓഫീസിന് മുന്നിലും കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും വനിതാ സംഘടനകളും മാർച്ച് നടത്തി വരികയാണ്. പ്രതിഷേധം കണക്കിലെടുത്ത് രണ്ട് സ്ഥലങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കൊല്ലത്ത് പ്രതിഷേധപ്പെരുമഴ
കൊല്ലം: മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എംഎൽഎയുടെ കൊല്ലം ആനന്ദവല്ലീശ്വരത്തെ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതകളുടെ കൂട്ടായ്മയായ വിമൻസ് കളക്ടീവും എംഎൽഎയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വസതിയിലേക്കും മാർച്ച് നടത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് എല്ലായിടത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.