പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കേന്ദ്ര ധനമന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിൽ കേന്ദ്ര സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ മൾട്ടി സ്റ്റേറ്റ് സഹകരണസൊസൈറ്റികൾ കേരളത്തിലും.
ഒന്നിലധികം സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുള്ളതാണ് ഇത്തരം സഹകരണ സംഘങ്ങൾ. കേരളത്തിൽ ഇത്തരത്തിൽ നിലവിൽ രണ്ട് സംഘങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
അടൂർ ആസ്ഥാനമായി ഒരു സംഘം രൂപീകരിച്ചിരുന്നുവെങ്കിലും അതിന് കേന്ദ്ര സഹകരണ വകുപ്പ് അനുമതി നല്കിയില്ല.
ചാത്തന്നൂർ ആസ്ഥാനമായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റിയുടെ രജിസ്ട്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. എസ്.വി. അനിത്ത് ചീഫ് പ്രമോട്ടറായുള്ളസൊസൈറ്റിയുടെ പ്രവർത്തന മേഖല കേരളത്തിലെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട , തിരുവനന്തപുരം ജില്ലകളും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി ജില്ലകളുമാണ്. ഡിസംബറിൽ ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമെന്നറിയുന്നു.
ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തനാനുമതിയുള്ളതാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ. നിലവിൽ ഈ നിയമം ഉണ്ടായിരുന്നെങ്കിലും അമിത് ഷാ കേന്ദ്ര സഹകരണ വകുപ്പിന്റെ കൂടി ചുമതല ഏറ്റെടുത്തതോടെ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം വ്യാപകമാക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഘത്തിന്റെ പ്രവർത്തന മേഖലകൾ ഏത് സംസ്ഥാനങ്ങളിലാണോ ആ സംസ്ഥാന സർക്കാരുകളുടെ സമ്മത പത്രിക (എൻ ഒസി) വേണമെന്നാണ് ഒരു വ്യവസ്ഥ.
ഇത് റുളിലുണ്ടെങ്കിലും നിയമത്തിലില്ല. ഈ വ്യവസ്ഥ മൂലം ബി ജെ പി വിരുദ്ധ സംസ്ഥാന സർക്കാരുകൾ എൻ ഒസി നിഷേധിക്കാറുണ്ട്. ഈ വ്യവസ്ഥ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രവർത്തന മേഖലകളിൽ യഥേഷ്ടം ബ്രാഞ്ചുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. സഹകരണമേഖലയെ സ്വന്തം വരുതിയിൽ കൊണ്ടുവരാനും, സഹകരണ മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുമുള്ള ബി ജെ പി സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിലായതിനാൽ വിശ്വാസ്യതയും വർദ്ധിക്കും. ഇവയുടെ പ്രവർത്തനം ശക്തവും സുതാര്യവുമാക്കാനുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ആശീർവാദത്തോടെയുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനം. സജീവമാക്കുന്നതോടെ സംസ്ഥാന നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ സംഘങ്ങൾക്കും സഹകരണബാങ്കുകൾക്കും വലിയ തിരിച്ചടിയുണ്ടാകാനും വെല്ലുവിളി നേരിടാനും ഇടയാകും.
സാധാരണക്കാരൻ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങളുടെ സ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ പിടിമുറുക്കും. കേരളത്തിൽ കൂടുതൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കങ്ങൾ സജീവമാണ്.