പത്തനംതിട്ട: സഹപാഠികളുടെ ചേതനയറ്റ ശരീരത്തിനു മുന്പിൽ തേങ്ങിയ കുട്ടികളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ച ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ രണ്ട് കുട്ടികൾക്കും കണ്ണീരോടെയാണ് നാട് ഇന്നലെ യാത്രാമൊഴി നൽകിയത്.
ഇലവുംതിട്ട മുട്ടത്തുകോണം എരുത്തിപ്പാട് വീട്ടില്‍ എ.കെ. സുഭാഷ് – സ്മിത ദമ്പതികളുടെ മകന് ശ്രീശരണ്‍ (15), ഓമല്ലൂര്‍ ചീക്കനാല്‍ ചാക്കാംപുറത്ത് വീട്ടില്‍ ബിനോയി തോമസ് – ബിജി ദമ്പതികളുടെ മകന് ഏബല്‍ ബി. തോമസ് (16) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച മുള്ളനിക്കാട്ട് അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ചത്.
മുള്ളനിക്കാടുള്ള ടര്‍ഫില്‍ കളിച്ചതിന് ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അച്ചൻകോവിൽ ആറ്റിലെ കോയിക്കല്‍ കടവില്‍ കുളിക്കാനെത്തിയ അഞ്ചംഗ വിദ്യാർഥി സംഘത്തിലെ രണ്ടുപേരാണ് ദുരന്തത്തിന് ഇരയായത്.
ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിന്റെ മുറ്റത്തേക്ക് എത്തിച്ചപ്പോഴേക്കും പരിസരം ജനസഞ്ചയമായി. കൂട്ടുകാരുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ സഹപാഠികളും അധ്യാപകരും മറ്റ് വിദ്യാർഥികളും വിങ്ങിപ്പൊട്ടി.
മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിന് നൂറുകണക്കിനാളുകളെത്തി.മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആര്യഭാരതി സ്കൂളിലെത്തി പ്രാർഥന നടത്തി.
വികാരി ജനറാൾ ഫാ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, വൈദികർ, ഹെഡ്മാസ്റ്റർ ലിജു ജോർജും അധ്യാപകരും പിടിഎ ഭാരവാഹികളും അന്തിമോപചാരം അർപ്പിച്ചു.
രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരുമെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.ഒരു മണിക്കൂറോളം പൊതുദർശനത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വീടുകളിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.
വീടുകളിൽ മാതാപിതാക്കളും സഹോദരങ്ങളും അന്തിമോപചാരം അർപ്പിച്ച രംഗങ്ങളും ഏറെ വേദനിപ്പിച്ചു. വീടുകളിലും സംസ്കാര ചടങ്ങുകൾക്ക് അനേകംപേർ സാക്ഷിയായി. ശ്രീശരണിനെ പകൽ ഒന്നോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്.
ഏബലിന്റെ മൃതദേഹം വീട്ടിലെ പൊതുദർശനത്തിനും ചടങ്ങുകൾക്കു ശേഷം 2.30ന് ഓമല്ലൂർ ചാലിൽ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ സംസ്കരിച്ചു.