ചാത്തന്നൂർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെ എസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് വരുന്നു. മൂന്നാറിലെ പ്രധാന കേന്ദ്രങ്ങൾ ചുറ്റുന്ന, വശങ്ങളിലെ വശ്യമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാനുതകുന്ന തരത്തിലാണ് ഡബിൾ ഡക്കർ ബസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാപ്പനം കോട്ട് സെൻട്രൽ വർക്ക് ഷോപ്പിൽ അവസാനഘട്ടത്തിലാണ്.
അതേസമയം കെഎസ്ആർടിസിയുടെ ബസുകൾ എയർ ബ്രേക്ക്, വയറിംഗ് തകരാർ തുടങ്ങിയവ മൂലം അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകി.
ബ്രേക്ക് എയർ ലീക്കോട് കൂടി ഓടിയത് നിരവധി സർവീസുകളാണ്. 3000 ബസുകളിലാണ് ബ്രേക്ക് എയർ ലീക്ക് പരിഹരിച്ചത്. ട്രിപ്പ് മുടങ്ങിയാലും സാരമില്ല. ബസിന്റെ തകരാർ പരിഹരിച്ചു മാത്രം ഓടിച്ചാൽ മതിയെന്നും മന്ത്രി. കെ എസ് ആർടിസിയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
മെയിന്റനൻസ് തകരാർ കൊണ്ടാണ് പലപ്പോഴും അപകടം ഉണ്ടാകുന്നതും തീപിടിക്കുന്നതും. ഇത്തരം സംഭവങ്ങൾ ഒഴിവാക്കണം. ഡ്രൈവർമാർ പറയുന്ന അറ്റകുറ്റ പണികൾ കൃത്യമായി നടത്തുന്നതോടൊപ്പം ഇടയ്ക്കിടയ്ക്ക് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർമാരുമായി ബസുകളെക്കുറിച്ചും അതിൻ്റെ കണ്ടീഷനെക്കുറിച്ചും ആശയവിനിമയം നടത്തണം. ബസുകൾ മനോഹരമായും വൃത്തിയോടെയും പരിപാലിക്കണം.
അപകടത്തിൽപ്പെട്ട ഒരു ബസിന് ഏതെങ്കിലും തകിട്കൊണ്ട് ഓട്ട അടയ്ക്കരുത്. ഏത് തരം ബസാണോ തകിട് അടിച്ച ശേഷം ആ ബസ്സിൻ്റെ കളർ തന്നെ അടിക്കണം. ബസുകളുടെ അറ്റകുറ്റ പണികൾ ഉടൻ ചെയ്യുന്നതിന് വേണ്ടിയാണ് കേന്ദ്രീകൃതവർക്ക് ഷോപ്പ് എന്ന സംവിധാനം അവസാനിപ്പിച്ച് യൂണിറ്റുകളിൽ വർക്ക്ഷോപ്പ് തുടങ്ങിയത് എന്നും മന്ത്രി ഓർമ്മിപ്പിച്ചു.
പ്രദീപ് ചാത്തന്നൂർ