കോഴിക്കോട്: പേരാന്പ്ര വാളൂരിൽ മോഷണശ്രമത്തിനിടെ യുവതിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൊച്ചാട് അനു(26)എന്ന യുവതിയെയാണ് പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ പ്രതി മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.
കൊലപാതകം നടത്തിയ അതേ റോഡിലൂടെയാണ് സംഭവദിവസം മുജീബ് പലതവണ കടന്നുപോയത്. മട്ടന്നൂരിൽനിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരികയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇടറോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ-വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി.
രാവിലെ ഒമ്പതിന് ശേഷമായിരുന്നു ഇത്. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന യുവതിയെ കണ്ടത്. ഫോണ്‍ സംസാരത്തില്‍നിന്നു മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്നും പറയുന്നതു കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിന്റെ അരികില്‍ എത്തുകയായിരുന്നു.
മുളിയങ്ങലീലേക്കാണെങ്കില് കയറിക്കോ എന്ന് മുജീബ്റഹ്മാന്‍ പറഞ്ഞപ്പോള്‍ ആദ്യം മടിച്ചുവെങ്കിലും അനു പിന്നീട് കയറുകയായിരുന്നു. അനുവിന്റെ തല തോട്ടില്‍ താഴ്ത്തിആഭരണങ്ങള് കവര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനിറ്റ് മാത്രമാണെന്ന് പോലീസ് പറയുന്നു. ദയയേതുമില്ലാത്ത കൊടും ക്രിമിനലാണു പ്രതിയെന്നു പോലീസ് പറയുന്നു. കോഴിക്കോട് മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ കേസിലെ മുഖ്യപ്രതിയാണ് മുജീബ് റഹ്മാന്.