തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് വീണ്ടും പ്രതിസന്ധിയിലേക്ക്. മോട്ടോർ വാഹനവകുപ്പിനുള്ള സേവനങ്ങൾ, ഭീമമായ കുടിശ്ശിക വരുത്തിയതോടെ നിർത്തിവയ്ക്കുന്നതായി സി-ഡിറ്റ് അറിയിച്ചു. ഒരു വർഷത്തെ കുടിശികയായി ആറരക്കോടിയിലേറെ രൂപയാണ് സി-ഡിറ്റിന് നൽകാനുള്ളത്.
ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും അച്ചടിക്കാൻ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി. സി-ഡിറ്റ് മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഫെസിലിറ്റി മാനേജ്മെന്റ് പ്രോജക്ട് വഴി നിരവധി സേവനങ്ങളാണ് നൽകി വരുന്നത്.
എന്നാൽ സേവനത്തിനുള്ള തുക കഴിഞ്ഞ വർഷം ജനുവരി മുതൽ നൽകിയിട്ടില്ല. കുടിശിക ആറുകോടി 58 ലക്ഷം കടന്നു. ഇതിനെ തുടർന്ന് സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സി-ഡിറ്റ് നല്‍കിയിരുന്നു. ഇതൊക്കൊയായിട്ടും കാര്യങ്ങൾ പ്രയോജനമില്ലാതെ വന്നതോടെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സേവനം മാർച്ച് ഒന്നുമുതൽ നൽകില്ല. നിലവിലെ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാഫുകള്‍ സി-ഡിറ്റില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ച ശേഷം മാത്രം സേവനം തുടര്‍ന്നാല്‍ മതിയെന്നും അറിയിപ്പ് നൽകി. അതേസമയം 17 വര്‍ഷമായി മോട്ടോര്‍വാഹന വകുപ്പ് പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്സ് ഫീ ഈടാക്കുന്നുണ്ട്. ഇതുവഴി കോടികളാണ് സര്‍ക്കാരിലേക്ക് എത്തിയത്.