പയ്യന്നൂര്‍: ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയുമായി യുവതിയും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍.
എട്ടിക്കുളം സ്വദേശിയായ ഭര്‍ത്താവും ഉപ്പളയിലുള്ള യുവതിയുടെ ബന്ധുക്കളുമാണ് ഇന്ന് പുലർച്ചെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
ആശുപത്രിയിലെ പ്രണയം
ആശുപത്രി ജീവനക്കാരനായിരിക്കെ ആശുപത്രിയിലെത്തിയ യുവതിയുമായി പ്രണയബദ്ധരായതിനെ തുടര്‍ന്ന് വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതികളുന്നയിച്ചത്.
മൂന്നര വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ രണ്ടുവയസുള്ള കുട്ടിയുമുണ്ട്. ഇതിനിടയില്‍ ഭര്‍ത്താവില്‍നിന്നുള്ള മര്‍ദനങ്ങളാണ് സഹിക്കാന്‍ പറ്റാത്തതെന്നാണ് യുവതിയുടെ പരാതി.
ഇടക്കാലത്ത് വിദേശത്ത് പോയ ഭര്‍ത്താവിന് വഴിവിട്ട ചില ബന്ധങ്ങളുണ്ടെന്ന് മൊബൈല്‍ ഫോണില്‍നിന്നു തനിക്ക് മനസിലായതാണ് മര്‍ദ്ദനത്തിനും വധഭീഷണിക്കും കാരണമെന്നും യുവതി പറയുന്നു.
എന്നാല്‍, ബന്ധുക്കളോടുപോലും അടുപ്പം കാണിക്കുന്നത് സഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ഭാര്യ ആത്മഹത്യാ ഭീഷണിയുയര്ത്തുകയാണെന്നാണ് ഭര്‍ത്താവിന്റെ പരാതി.
ബന്ധുക്കൾ ശത്രുക്കൾ!
കഴിഞ്ഞ രാത്രിയില്‍ വീടിന്റെ ടെറസിന് മുകളില്‍കയറി യുവതി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ഉപ്പളയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
ഇതേതുടര്ന്നെത്തിയ യുവതിയുടെ ബന്ധുക്കളും യുവാവിന്റെ ബന്ധുക്കളുമായി തുടങ്ങിയ വാക്കേറ്റത്തിനൊടുവിലാണ് എല്ലാവരും പോലീസ് സ്റ്റേഷനിലെത്തിയത്.
ഇതോടെ തലവേദന പോലീസിനായി.പരാതിയെഴുതിത്തന്നാല് കേസെടുക്കാമെന്ന് പോലീസ് പറഞ്ഞു.
കൂട്ടത്തില്‍ പ്രണയകാലത്തെ സ്വപ്നങ്ങളും ദാമ്പത്യ ജീവിതത്തിലെ അനുഭവങ്ങളും രണ്ടാണെന്നും പരസ്പരം മനസിലാക്കി ജീവിക്കണമെന്നുമുള്ള പോലീസിന്റെ സ്റ്റഡിക്ലാസും കൂടിയായപ്പോള്‍ ദമ്പതികള്‍ കൗണ്‍സലിംഗിന് വിധേയമാകാമെന്ന ഉറപ്പില്‍ തിരിച്ചുപോവുകയായിരുന്നു.
ഇതോടെയാണ് രണ്ടുമണിക്കൂറോളം ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം അവസാനിച്ചതും പോലീസിന് ആശ്വാസമായതും.