കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമണക്കേസിൽ, സാക്ഷി വിസ്താരത്തിനായി മുൻഭാര്യ മഞ്ജു വാര്യർ വ്യാഴാഴ്ച കോടതിയിലെത്തിയേക്കും. നിർണായക സാക്ഷികളായ സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും വ്യാഴാഴ്ച കോടതിയിൽ ഹാജരായേക്കുമെന്നാണ് അറിയുന്നത്.
വരും ദിവസങ്ങളിൽ ചലച്ചിത്ര മേഖലയിൽനിന്നുള്ള ഗീതു മോഹൻ ദാസ്, സംയുക്തവർമ, ശ്രീകുമാർ മേനോൻ തുടങ്ങിയവരും സാക്ഷി വിസ്താരത്തിനെത്തും.
കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ എന്ന പൾസർ സുനി കുറ്റകൃത്യത്തിനുശേഷം കോയന്പത്തൂരിൽ തങ്ങിയ താവളത്തിനു സമീപത്തെ നാലുപേരെ കഴിഞ്ഞ ആഴ്ച കോടതി വിസ്തരിച്ചിരുന്നു. ഇവർ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.
സുനിയുടെ കൂട്ടുപ്രതി മണികണ്ഠൻ മൊബൈൽ ഫോണ് വാങ്ങിയ കടക്കാരൻ, സ്വർണമാല പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു. കേസിൽ നിർണായക സാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞ ആഴ്ച വിസ്തരിച്ചിരുന്നു.