മാവേലിക്കര: പിതാവ് മഴുകോണ്ട് വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആലപ്പുഴ മെഡിക്കൽ കോളജിൽ മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് പോസ്റ്റ് മോർട്ടം നടത്തിയത്. വിശദമായ റിപ്പോർട്ട് മാവേലിക്കര പോലീസിന് കൈമാറി.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ആറുവയസുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പിതാവ് നക്ഷത്രയെ ഒരു തവണയാണ് വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുറിവിന് പത്ത് സെന്റിമീറ്ററോളം ആഴമുണ്ട്.
തലയ്ക്ക് പിന്നിൽനിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷണങ്ങളായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ശ്രീമഹേഷിനെ സെല്ലിലേക്ക് മാറ്റി
മാവേലിക്കര: ശ്രീമഹേഷിനെ (38) വണ്ടാനം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍നിന്ന് സെല്ലിലേക്ക് മാറ്റി. റിമാന്‍ഡിലായ പ്രതിയെ വൈകിട്ട് 6.30നാണ് മാവേലിക്കര സബ്ജയിലില്‍ എത്തിച്ചത്.
ആറേമുക്കാലോടെ ജയിലിലെ വാറണ്ട് റൂമില്‍ വെച്ച് ഉദ്യോഗസ്ഥര്‍ രേഖകള്‍ തയാറാക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥരെ തള്ളിമാറ്റി മേശപ്പുറത്തിരുന്ന പേപ്പര്‍ കട്ടര്‍ എടുത്ത് കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു.
ഉടന്‍ ജയില്‍ അധികൃതര്‍ ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം ശ്രീമഹേഷിന്റെ ആരോഗ്യ സ്ഥിതി സാധാരണ നിലയില്‍ ആയിട്ടുണ്ട്. ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.