തൃശൂര്‍: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചു തിങ്കളാഴ്ച തൃശൂരിലെത്തുന്നതു യാദൃച്ഛികമായി. എന്നാൽ, ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന പ്രചാരണം ശക്തമായിരിക്കേ രണ്ടു നേതാക്കളും ഒരേ ജില്ലയില്‍ത്തന്നെ ഒരു ദിവസമെത്തുമ്പോൾ, എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമോ എന്നാണ് പലരുടെയും സംശയം. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയെ കാണാന്‍ പിണറായി വിജയന് എത്തുമോ എന്നതും രാഷ്ട്രീയനിരീക്ഷകർ കാത്തിരിക്കുന്നു.
തിങ്കളാഴ്ച രാവിലെ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെത്തുന്നത്. ആലത്തൂര്‍, തൃശൂര്‍, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്ഥികള്ക്കുവേണ്ടിയാണു പ്രചാരണം നടത്തുക. കേന്ദ്രം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലമായ തൃശൂരിലെ സുരേഷ് ഗോപിക്കുവേണ്ടി ഇതു മൂന്നാംതവണയാണു പ്രധാനമന്ത്രി എത്തുന്നത്. തൃശൂരില്‍ നടന്ന സമ്മേളനത്തിലും പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും മുമ്പെത്തിയിരുന്നു.
കരുവന്നൂര്‍ തട്ടിപ്പുകേസില്‍ തുടര്‍നടപടികളുണ്ടാകുമെന്നു മോദി പ്രഖ്യാപിച്ചതിനു പിന്നാലെ തൃശൂര്‍ ജില്ലയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഏറെ ആശങ്കയോടെയാണ് ഇടതു നേതൃത്വം കാണുന്നത്. ഇതിനകംതന്നെ പല നേതാക്കളെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അവസാനനിമിഷം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ നേതാക്കളെ അറസ്റ്റ് ചെയ്യുമോയെന്ന ഭയവും നേതാക്കള്‍ക്കിടയിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും തിങ്കളാഴ്ചതന്നെ തൃശൂരിലെ വിവിധ സ്ഥലങ്ങളിലെത്തി പ്രസംഗിക്കുന്നതു ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാനാണെന്നു പറയുന്നു. നിലവില്‍ ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന പ്രചാരണത്തിനു മറുപടി നല്‍കുന്നതിനാണ് പ്രധാനമന്ത്രി വരുന്ന ദിവസംതന്നെ പിണറായി എത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് ഇരിങ്ങാലക്കുടയിലും അഞ്ചിനു തൃശൂരിലും ആറരയ്ക്കു ചാവക്കാട്ടുമാണ് പ്രസംഗിക്കുന്നത്.
അന്തര്‍ധാരയുടെ തെളിവാണ് അന്നുതന്നെ മുഖ്യമന്ത്രിയും തൃശൂരിലെത്തുന്നതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. പുറമേയ്ക്കു തങ്ങള്‍ ശത്രുക്കളാണെന്നു കാണിച്ച് രഹസ്യമായി ബന്ധമുണ്ടാക്കി തൃശൂരിലെ നേതാക്കളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരേ ദിവസംതന്നെ ജില്ലയിലെത്തുന്നതോടെ കഷ്ടത്തിലായിരിക്കുന്നതു പോലീസാണ്. രണ്ടുപേര്‍ക്കും സുരക്ഷ നല്‍കേണ്ടതിന്റെ നെട്ടോട്ടത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.
സ്വന്തം ലേഖകൻ