കോഴിക്കോട്: ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു പോയ യുവാവിനെ രണ്ടു വര്‍ഷമായിട്ടും കണ്ടെത്താനായില്ല. കണ്ണൂര്‍ നാറാത്ത് ഹര്‍ഷ വില്ലയില്‍ പരേതനായ മുഹമ്മദാലിയുടെ മകന് നൗഷാദ് (43) എന്ന ഇയ്യയെയാണ് കാണാതായത്.
പലയിടത്തുമായി നൗഷാദിനെ കണ്ടുവെന്ന് ബന്ധുക്കളെ പലരും അറിയിച്ചെങ്കിലും ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൗഷാദിനെ തേടി സ്വന്തം ജോലിയും ബിസിനസുമൊക്കെ ഉപേക്ഷിച്ച് മൂന്നു സഹോദരിമാർ സംസ്ഥാനത്തിനകത്തും പുറത്തുമായി മിക്ക റെയില്‍വേസ്റ്റേഷനുകളിലും ഇപ്പോഴും അന്വേഷിക്കുകയാണ്.
കൂടെപ്പിറപ്പുകളായ ഫൗസിയയും സുനിതയും ഷെമീമയും എല്ലാ റെയില്വേസ്റ്റേഷനുകളിലുമെത്തി നൗഷാദിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റര്‍ പതിച്ചിരുന്നു.
മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളില്‍ മാറിമാറി സഞ്ചരിച്ച്, സഹോദരന് നൗഷാദിന്റെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ഭിത്തികളില്‍ പതിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പരേതനായ മുഹമ്മദാലിയുടെ അഞ്ച് മക്കളില്‍ മൂത്തയാളാണ് നൗഷാദ് (43). ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന നൗഷാദിന് തിരക്കഥാകൃത്താകുക എന്നതായിരുന്നു ലക്ഷ്യം.
സിനിമയില്‍ അവസരം തേടി പോയാല്‍ എട്ടൊന്‍പതു മാസം കഴിഞ്ഞാണു വീട്ടില്‍ മടങ്ങിയെത്താറുള്ളത്. 2017 ഓഗസ്റ്റില്‍ കൊച്ചിയിലേക്കെന്നു പറഞ്ഞാണ് അവസാനം വീട്ടില്‍ നിന്നിറങ്ങിയത്.
തിരിച്ചെത്താന്‍ വൈകിയപ്പോള്‍ വീട്ടുകാര്‍ കൂടുതല്‍ അന്വേഷിച്ചിരുന്നില്ല. സ്ഥിരമായി പോവാറുള്ളതുപോലെ നൗഷാദ് പോയതാണെന്ന് വീട്ടുകാര്‍ കരുതി.
എന്നാല്‍ പിന്നീട് നൗഷാദിന്റെ ഡയറിയും മൊബൈല്‍ ഫോണും പാലക്കാട് റെയില്‍വേ സ്റ്റേഷനു സമീപം കണ്ടതായി നൗഷാദിന്റെ സുഹൃത്തിനെ ഒരാള്‍ ഫോണില്‍ അറിയിച്ചു.
നൗഷാദിന്റെ തന്നെ മൊബൈലില്‍ നിന്നാണ് വിളിച്ചത്. സുഹൃത്ത് ഇക്കാര്യം വീട്ടുകാരോടു പറഞ്ഞു. തുടര്‍ന്നാണ് നൗഷാദിനെ കുറിച്ച് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്.
നൗഷാദ് ഉപയോഗിച്ചിരുന്നു ഫോണ്‍ ഇപ്പോള്‍ സ്വിച്ച്ഡ്ഓഫാണ്. ഇതിനിടെ ഡിസംബര്‍ 13നു മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ശുചിമുറിക്കു സമീപം നൗഷാദിനോടു സാമ്യമുള്ള ഒരാള്‍ അവശനിലയില്‍ കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതു പോസ്റ്റ് ചെയ്തയാളെ കണ്ടെത്തി വീട്ടുകാര്‍ നൗഷാദിന്റെ പഴയ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ട്രെയിനില്‍ കണ്ടതു നൗഷാദ് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തുടര്‍ന്നു മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതി നല്കി. കാണാതായതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പോലീസിലായിരുന്നു ആദ്യം പരാതി നല്‍കിയത്.
പിന്നീട് സംസ്ഥാനത്തെ എല്ലാ റെയില്വേസ്റ്റേഷനുകളിലുമെത്തി ആര്‍പിഎഫിനും റെയില്വേപോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്ന് ഫൗസിയ പറഞ്ഞു.
സംസ്ഥാനത്തെ ഏതാണ്ടെല്ലാ അനാഥാലയങ്ങളിലും, മുതിർന്നവരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങളിലും, ധ്യാനകേന്ദ്രങ്ങളിലും ഏർവാടിയിലുമടക്കം സഹോദരിമാർ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
നൗഷാദിന്റെ തിരോധാനം സംബന്ധിച്ച് വാര്‍ത്ത പരന്നതിനിടെ പ്രബിന് എന്ന പേരില്‍ ഒരാള്‍ ഫൗസിയയെ ബന്ധപ്പെട്ടിരുന്നു. നൗഷാദ് തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍ ചെയ്തത്.
പണം ആവശ്യപ്പെടുകയും ചെയ്തു. അക്കൗണ്ട് വഴി പണം ആദ്യം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പറയുന്ന സ്ഥലത്ത് തനിച്ച് എത്തണമെന്നും ഫൗസിയയോട് ആവശ്യപ്പെട്ടു.
യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പോയില്ല. ഫോൺനന്പറടക്കം ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടായില്ല.
അതേസമയം നൗഷാദിനെ കുറിച്ച് എല്ലാവിവരങ്ങളും ഇയാള്‍ ഫോണിലൂടെ പറഞ്ഞിരുന്നതായും ഫൗസിയ പറയുന്നു. ഇയാളെ കണ്ടെത്തിയാൽ നൗഷാദിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയത്.
തങ്ങളുടെ ഇയ്യയെ ജീവനോടെ തിരിച്ചുകിട്ടണേ എന്ന പ്രാർഥനയിലാണ് ഈ കൂടെപ്പിറപ്പുകൾ.