മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനും അഴിമതിവിരുദ്ധ പോരാളിയുമായ അലക്സി നവൽനിക്ക് 19 വർഷം തടവുശിക്ഷ വിധിച്ച് റഷ്യൻ കോടതി.
ഭീകരവാദ, ദേശവിരുദ്ധ കുറ്റങ്ങൾ ആരോപിച്ചുള്ള കേസിലാണ് ഈ ശിക്ഷ. സമാനമായ കേസിൽ നവൽനി ഒമ്പത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പുതിയ ശിക്ഷ.
അഴിമതിവിരുദ്ധ പോരാട്ടത്തിനായി നവൽനി സ്ഥാപിച്ച ഫൗണ്ടേഷൻ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. 2011-ൽ ആരംഭിച്ച ഫൗണ്ടേഷൻ നിയമവിരുദ്ധമാണെന്ന് 2021-ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
2020-ൽ, നാഡികളെ തളർത്തുന്ന കടുത്ത വിഷബാധയേറ്റ് നവൽനി അതീവഗുരുതരാവസ്ഥയിലായിരുന്നു. തനിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ റഷ്യ ആണെന്നാണ് നവൽനി ആരോപിച്ചത്. വിഷബാധയേറ്റ് ജർമനിയിൽ ചികിത്സയിലായിരുന്ന നവൽനി 2021-ൽ റഷ്യയിലേക്ക് മടങ്ങിയെത്തിന് പിന്നാലെയാണ് അറസ്റ്റിലായത്.